കാസര്‍കോട്: മദ്യപിച്ച് വാഹനമോടിച്ച കേസില്‍ യൂട്യൂബര്‍ ഹെലന് ഓഫ് സ്പാര്‍ട്ടയുടെ ഡ്രൈവിങ് ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കി. മൂന്ന് മാസത്തേക്കാണ് ഹെലന് ഓഫ് സ്പാര്‍ട്ട എന്ന പേരില്‍ അറിയപ്പെടുന്ന എസ്.ആര്. ധന്യയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തത്. മദ്യപിച്ച് ലക്കുകെട്ട് വാഹനമോടിച്ചതിനാണ് നടപടി. മോട്ടോര്‍ വാഹന വകുപ്പിന്റെ മൂന്നുദിവസത്തെ പരിശീലന ക്ലാസിലും ധന്യ പങ്കെടുക്കണം.
|
കഴിഞ്ഞ മാസമാണ് മദ്യപിച്ച് വാഹനമോടിച്ചതിനു ധന്യയ്ക്കെതിരേ പൊലീസ് കേസെടുത്തത്. ദേശീയപാതയില്‍ അണങ്കൂരിലായിരുന്നു സംഭവം. അപകടകരമായ രീതിയില്‍ ധന്യയുടെ കാര്‍ ദേശീയപാതയില്‍ നിര്‍ത്തിയിട്ടത് കണ്ടാണ് പൊലീസ് പരിശോധനയ്ക്കെത്തിയത്. എന്നാല്‍, പൊലീസ് എത്തിയതോടെ കാര്‍ അമിതവേഗത്തില്‍ ഓടിച്ചുപോയി. പിന്നീട് മംഗല്പാടി ബന്തിയോട് ഭഗവതി നഗറില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ധന്യ മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിനു പിന്നാലെ താന്‍ ബിയര്‍ കഴിച്ചിരുന്നതായി ധന്യ സമ്മതിച്ചിരുന്നു.
”ഒരു സാധാരണ വ്യക്തിക്ക് മദ്യപിച്ച് വണ്ടിയോടിച്ചതിനു പെറ്റി എങ്ങനെയാണോ വരുന്നത് ആ പെറ്റി ആണ് എനിക്ക് വന്നിട്ടുള്ളത്. ജീവിതത്തില്‍ ആരെയും മദ്യപിക്കാന്‍ പ്രോത്സാഹിപ്പിക്കാറില്ല. പരിശോധനയ്ക്കിടെ വാഹനം പൊലീസ് പിടിച്ചെടുത്തു. വാഹനത്തില്‍ എംഡിഎംഎ ആയിരുന്നുവെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണ്. ആളുകള്‍ തിരിച്ചറിയും എന്നതിനാലാണ് പരിശോധനയ്ക്കിടെ വാഹനം നിര്‍ത്താതെ പോയത്. എന്നാല്‍ പിടിച്ചതിലും വലുതാണ് മാളത്തില്‍ എന്നുപറയുന്നതുപോലെയായിരുന്നു കാര്യങ്ങള്‍. ഞാന്‍ ഒളിവിലാണെന്നും എന്റെ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തെന്നും വാര്‍ത്ത കണ്ടു. വണ്ടിയില്‍ നിന്നും എംഡിഎംഎ പിടിച്ചെന്നും ചിലര്‍ പറയുന്നു. എന്നോട് ക്ഷമിക്കണം. ഒരു പരിപാടിക്കിടയില്‍ ഒരു ബീയര്‍ അടിച്ചിരുന്നു. വണ്ടി ഓടിക്കാന്‍ പാടില്ലായിരുന്നു. എന്റെ വീടിന്റെ മുന്നിലാണ് വാഹനം നിര്‍ത്തിയത്. മദ്യപിച്ചിരുന്നോയെന്ന് പൊലീസ് ചോദിച്ചു. അതെയെന്ന് സമ്മതിക്കുകയും ചെയ്തു. ഊതിയപ്പോള്‍ അത് തെളിയുകയും ചെയ്തു. കോടതിയില്‍ പെറ്റിയടച്ചാല്‍ മതിയെന്ന് വളരെ വ്യക്തമായി പറഞ്ഞു. ഞാനും കൂടി ആലോചിക്കേണ്ടതായിരുന്നു. എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ ഖേദിച്ചിട്ട് കാര്യമില്ല. കാര്യങ്ങളുടെ ഗൗരവം പറഞ്ഞുതന്ന് പൊലീസ് പോയി. എന്റെ വണ്ടിയും ഞാനും അവിടെ തന്നെയുണ്ടായിരുന്നു. വാഹനം ചെക്ക് ചെയ്യാമെന്ന് പൊലീസിനോട് പറഞ്ഞു. രണ്ട് ദിവസമായി സംഭവം നടന്നിട്ട്. വാഹനം പിടിച്ചുകൊണ്ടുപോയിട്ടില്ല. ഒരു സാധാരണ വ്യക്തിക്ക് മദ്യപിച്ച് വണ്ടിയോടിച്ചതിനു പെറ്റി എങ്ങനെയാണോ വരുന്നത് ആ പെറ്റി ആണ് എനിക്ക് വന്നിട്ടുള്ളത്. സ്പാര്‍ട്ട ഉപയോഗിച്ചത് മദ്യമല്ലെന്ന് ചിലരെങ്കിലും കമന്റ്ബോക്സില്‍ പറഞ്ഞിരുന്നു. 3,550 രൂപ കൊടുത്ത് ഡ്രഗ് ആന്‍ഡ് ആല്‍ക്കഹോള്‍ പരിശോധന നടത്തി. അയ്യപ്പ ബൈജുവൊന്നുമല്ല ഞാന്‍. ഇനി ആവര്‍ത്തിക്കില്ല. എന്റെ ഭാഗത്താണ് തെറ്റ്. അയാം വെരി വെരി സോറി” എന്നാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയോയില്‍ ധന്യ പറഞ്ഞിരുന്നത്.
Tags:
Helen of Sparta, SR Dhanya, Kasaragod, Kasaragod News, Kerala News, Drunk Driving, Drink and Drive, Driving Licence Suspended, MVD Kerala, Kerala Motor Vehicles Department, Traffic Rules, Road Safety, YouTuber News
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക


