സുല്‍ത്താന്‍ ബത്തേരി: കെസ്ആര്‍ടിസി ബസ്സില്‍ നിന്ന് 160.77 ഗ്രാം എം.ഡി.എം.എയുമായി ആയുര്‍വേദ ഡോക്ടര്‍ പിടിയില്‍. (Ayurveda doctor arrested with 160 g MDMA) മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.വി. നിധിനും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് മൈസൂരു -പൊന്നാനി കെ.എസ്.ആര്.ടി.സി സ്വിഫ്റ്റ് ബസില്‍നിന്ന് മയക്കുമരുന്ന് പിടിച്ചത്. കൊല്ലം കരുനാഗപ്പള്ളി തൊടിയൂര്‍ തഴവ ചിറ്റുമൂല ഇടമരത്തു വീട്ടില്‍ എന്‍. അന്‍വര്‍ഷാ (32) ആണ് അറസ്റ്റിലായത്.
|
ഇയാള്‍ ദുബയില്‍ സ്വന്തമായി ആയുര്‍വേദ സെന്റര്‍ നടത്തുന്ന ബി.എ.എം.എസ് ഡോക്ടറാണെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിവാഹ ആവശ്യത്തിനായി അഞ്ചു മാസം മുമ്പാണ് നാട്ടില്‍ വന്നത്. ബംഗളൂരുവില്‍നിന്ന് മയക്കുമരുന്ന് വാങ്ങി കൊച്ചിയിലേക്ക് കൊണ്ടുപോകവെയാണ് പിടിയിലായത്.
പിടിച്ചെടുത്ത മയക്കുമരുന്ന് വിപണിയില്‍ അഞ്ചു ലക്ഷത്തോളം രൂപ വിലമതിക്കുന്നതാണ്. 20 വര്‍ഷംവരെ കഠിനതടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്. മയക്കുമരുന്ന് കടത്ത് സംഘത്തിലെ മറ്റു കണ്ണികളെക്കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചുവരുന്നു. അതിര്‍ത്തി ഭാഗങ്ങളില്‍ എക്സൈസിന്റെ കര്‍ശന പരിശോധന തുടരുമെന്ന് അധികൃതര്‍ പറഞ്ഞു.





