കായിക രംഗത്തെ ലോക പോരിന് ഇന്ന് തുടക്കം. പാരിസ് ഒളിമ്പിക്സ് മത്സരങ്ങള്‍ക്ക് ഇന്ന് കൊടിയേറും.(Olympic games start today; Will the Copa-Euro winners go head-to-head?) ഔദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്ചയാണെങ്കിലും, മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഫുട്ബോളില്‍ ലോകകപ്പും കോപയും നേടിയ അര്‍ജന്റീന ഇന്ന് മൊറോക്കോയെ നേരിടും. സെന്റ് ഇറ്റിനിയിലെ ജെഫ്രി-ഗുയിചാര്‍ഡ് സ്റ്റേഡിയത്തില്‍ വൈകിട്ട് ആറരയ്ക്കാണ് മത്സരം.
|
യൂറോ ചാമ്പ്യന്മാരായ സ്പെയ്നിന് ഉസ്ബെകിസ്ഥാനാണ് എതിരാളി. മല്‍സരങ്ങള്‍ മുന്നേറുമ്പോള്‍ കോപ-യൂറോ ജേതാക്കള്‍ തമ്മില്‍ ഏറ്റുമുട്ടുമോ എന്നാണ് ഫുട്ബോള്‍ പ്രേമികള്‍ ഉറ്റുനോക്കുന്നത്. നിലവിലെ വെള്ളി മെഡല്‍ ജേതാക്കളാണ് സ്പെയ്ന്‍. ആതിഥേയരായ ഫ്രാന്‍സ് ആദ്യകളിയില്‍ അമേരിക്കയുമായി ഏറ്റുമുട്ടും.ഫ്രാന്‍സിലെ ഏഴ് വേദികളിലാണ് പുരുഷ-വനിതാ മത്സരങ്ങള്‍. പുരുഷ വിഭാഗത്തില്‍ 16 ടീമുകളാണ്. അണ്ടര്‍ 23 കളിക്കാരാണ് അണിനിരക്കുക. ഒരു ടീമില്‍ മൂന്നു മുതിര്‍ന്ന കളിക്കാരെ ഉള്‍പ്പെടുത്താം.
നാലുവീതം ഗ്രൂപ്പുകളിലായാണ് മത്സരം. ആദ്യ രണ്ട് സ്ഥാനക്കാര്‍ ക്വാര്‍ട്ടറിലേക്ക് കടക്കും. ആഗസ്ത് ഒന്‍പതിനാണ് ഫൈനല്‍. അതേസമയം നിലവിലെ ചാമ്പ്യന്മാരായ ബ്രസീലിന് യോഗ്യത നേടാനായില്ല.
യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീനയ്ക്കെതിരായ നിര്‍ണ്ണായക മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടതോടെയാണ് ബ്രസീല്‍ അയോഗ്യരായത്.
തുടര്‍ച്ചയായ മൂന്നാം ഒളിംപിക് സ്വര്‍ണമെന്ന ബ്രസീലിയന്‍ സ്വപ്നമാണ് ഇതോടെ പൊലിഞ്ഞത്. 2004നു ശേഷം ആദ്യമായാണ് ബ്രസീല്‍ ഒളിംപിക് ഫുട്ബോളിന് യോഗ്യത നേടാനാവാതെ പുറത്താകുന്നത്. ദക്ഷിണ അമേരിക്കന്‍ യോഗ്യതയ്ക്കുള്ള മത്സരത്തില്‍ അര്‍ജന്റീനയും ബ്രസീലും പരാഗ്വേയും വെനസ്വേലയുമായിരുന്നു മറ്റു ടീമുകള്‍. ഇതില്‍ അര്‍ജന്റീനയും പരാഗ്വേയും യോഗ്യതനേടി. 2004, 2008 ഗെയിംസുകളില്‍ ചാംപ്യന്മാരാണ് അര്‍ജന്റീന. റൗണ്ട് റോബിന് അടിസ്ഥാനത്തില്‍ നടന്ന യോഗ്യതാമത്സരത്തില്‍ അര്‍ജന്റീന അഞ്ചുപോയിന്റ് നേടിയപ്പോള്‍ പരാഗ്വേ നാലു പോയിന്റുകള്‍ കരസ്ഥമാക്കി. ബ്രസീലിന് നേടാനായത് മൂന്ന് പോയിന്റാണ്. നാലു തവണ ചാംപ്യന്മാരായ ടീമാണ് ബ്രസീല്‍.


