തിരുവനന്തപുരം: വർധിപ്പിച്ച കെട്ടിട നിർമാണ പെർമിറ്റ് ഫീസിൽ 60 ശതമാനം വരെ കുറവുവരുത്തി സർക്കാർ. പുതിയ തുക നിശ്ചയിച്ച സാഹചര്യത്തിൽ ഇതുവരെ വാങ്ങിയ ഫീസിൽ അധികമായി ഈടാക്കിയ തുക ഓൺലൈനായി തന്നെ തിരിച്ചുനൽകുമെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു. 2023 ഏപ്രിൽ 10 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് പുതിയ നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ കാലയളവിൽ പെർമിറ്റ് ഫീസ് അടച്ചവർക്കാണ് അധികമായി ഈടാക്കിയ തുക തിരികെ നൽകുക.
|
ഇത് സംബന്ധിച്ച് വിശദമായ സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുന്നതിനും ഓൺലൈൻ സംവിധാനം തയ്യാറാകുന്നതിനും അനുസരിച്ച് റീഫണ്ടിന് അപേക്ഷിക്കാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. കെ സ്മാർട്ട് വഴിയും ഐഎൽജിഎംഎസ് വഴിയും ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള സൗകര്യം വൈകാതെ ഒരുക്കും. പെർമിറ്റ് ഫീസ് പൂർണമായും തദ്ദേശ സ്ഥാപനങ്ങൾക്കാണ് ലഭിക്കുന്നതെന്നതിനാൽ ഈ തുക കൊടുത്തുതീർക്കുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ അനുവാദം നൽകും.
ഗ്രാമപ്പഞ്ചായത്തുകളിൽ 81 മുതൽ 150 ചതുരശ്ര മീറ്റർ വരെയുള്ള (1614 ചതുരശ്ര അടിവരെ) വീടുകളുടെ പെർമിറ്റ് ഫീസ് ചതുരശ്ര മീറ്ററിന് 50 രൂപയിൽനിന്ന് 25 രൂപയായി കുറയും. മുനിസിപ്പാലിറ്റികളിലെ നിരക്ക് 70ൽനിന്ന് 35 ആയും കോർപറേഷനിൽ 100ൽനിന്ന് 40 രൂപയായുമാണ് കുറയുക.
151 മുതൽ 300 ചതുരശ്ര മീറ്റർ വരെയുള്ള (1625 ചതുരശ്ര അടി മുതൽ 3229 വരെ) വീടുകളുടെ ഫീസ് പഞ്ചായത്തുകളിൽ ചതുരശ്ര മീറ്റർ 100 രൂപ എന്നതിൽനിന്ന് 50 ആയും, മുനിസിപ്പാലിറ്റികളിൽ 120ൽനിന്ന് 60 രൂപയായും, കോർപറേഷനിൽ 150ൽനിന്ന് 70 രൂപയായുമാണ് കുറയുക. 300 ചതുരശ്ര മീറ്റർ മുകളിലുള്ള വീടുകളുടെ നിരക്ക് പഞ്ചായത്തുകളിൽ 150ൽനിന്ന് 100 രൂപയായി കുറക്കും. മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും 200ൽ നിന്ന് 150 ആകും. വ്യവസായ, വാണിജ്യ കെട്ടിടങ്ങളുടെ നിരക്കിലും 58 ശതമാനം കുറവ് വരുത്തിയിട്ടുണ്ട്.
കെട്ടിട നിർമാണ പെർമിറ്റ് ഫീസിൽ വൻ വർധനവ് വരുത്തിയത് ലോക്സഭാ തിരഞ്ഞെടുപ്പിലടക്കം തിരിച്ചടിയായെന്ന വിലയിരുത്തൽ സിപിഐഎമ്മിൽ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് വർധനവിൽ കുറവ് വരുത്തി സർക്കാർ ഉത്തരവിറക്കിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





