പാരീസ്: ഭാരക്കൂടുതല്‍ കാരണം ഒളിമ്പിക്‌സില്‍ അയോഗ്യത കല്‍പ്പിക്കപ്പെട്ട വിനേഷ് ഫോഗട്ട് ഗുസ്തിയില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു, (Phogat quits wrestling) എക്‌സിലെ പോസ്റ്റിലൂടെയായിരുന്നു പ്രഖ്യാപനം. ഗുസ്തി തനിക്കെതിരെ വിജയിച്ചു. ഞാന്‍ പരാജയപ്പെട്ടു. എല്ലാവരും എന്നോട് ക്ഷമിക്കണം. എന്റെ സ്വപ്നങ്ങളും ധൈര്യവും തകര്‍ന്നിരിക്കുന്നു. ഇനി എനിക്ക് കരുത്തില്ല. 2001 മുതല്‍ 2024 വരെയുള്ള ഗുസ്തി കരിയറിനോട് താന്‍ വിട പറയുകയാണെന്നും വിനേഷ് ഫോഗട്ട് എക്‌സില്‍ കുറിച്ചു.
|
വനിതാ ഗുസ്തിയില്‍ ഏവരെയും അമ്പരപ്പിച്ച് ഫൈനലിലേക്ക് മുന്നേറിയ വിനേഷ് ഫോഗട്ടിന് അപ്രതീക്ഷിതമായാണ് അയോഗ്യത കല്‍പ്പിക്കപ്പെട്ടത്. 50 കിലോഗ്രാം ഫ്രീ സ്‌റ്റൈല്‍ ഇനത്തില്‍ മത്സരിച്ച വിനേഷ് ഭാര പരിശോധനയില്‍ 100 ഗ്രാം തൂക്കം അധികമാണെന്ന് കണ്ടെത്തിയതാണ് തിരിച്ചടിയായത്.
ALSO READ: Breaking News: വിനേഷ് ഫോഗട്ട് അയോഗ്യ, ഭാര പരിശോധനയില്‍ 100 ഗ്രാം കൂടി, മെഡല്‍ നഷ്ടമാകും
കലാശപ്പോരില്‍ അമേരിക്കയുടെ സാറാ ഹില്‍ഡ്ബ്രാണ്ടുമായി ഏറ്റുമുട്ടാനിരിക്കെയാണ് അപ്രതീക്ഷിത തിരിച്ചടിയുണ്ടായത്.
നിലവിലെ ഒളിമ്പിക്‌സ് ചാമ്പ്യനെയടക്കം വീഴ്ത്തിയാണ് അഭിമാന നേട്ടത്തിലേക്ക് വിനേഷ് മുന്നേറിയത്. ഫൈനലിലെത്തിയതോടെ താരത്തിലൂടെ സ്വര്‍ണമോ വെള്ളിയോ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു രാജ്യം മുഴുവന്‍. എന്നാല്‍, ഏവരുടെയും പ്രതീക്ഷകള്‍ തകിടം മറിക്കുന്നതാണ് പരിശോധന ഫലം. നേരത്തെ 53 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ചിരുന്ന വിനേഷ് ഫോഗട്ട് ഭാരം മൂന്ന് കിലോ കുറച്ചാണ് ഒളിമ്പിക്‌സിനെത്തിയിരുന്നത്.
പ്രീ-ക്വാര്‍ട്ടറില്‍ ലോക ഒന്നാം റാങ്കുകാരിയും നിലവിലെ ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവും നാലുതവണ ലോക ചാമ്പ്യനുമായ ജപ്പാന്റെ യുയി സുസാകിയെ വീഴ്ത്തിയ വിനേഷ് ക്വാര്‍ട്ടറില്‍ യുക്രെയ്‌നിന്റെ ഒക്‌സാന ലിവാഷിനെയും മറികടന്നാണ് സെമിയിലേക്ക് കടന്നിരുന്നത്. സെമിയില്‍ ക്യൂബന്‍ താരം യുസ്‌നീലിസ് ലോപസിനെ 5-0ത്തിന് വീഴ്ത്തിയായിരുന്നു വിനേഷിന്റെ ചരിത്രക്കുതിപ്പ്. ഇതോടെ ഗുസ്തിയില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന നേട്ടവും വിനേഷിനെ തേടിയെത്തിയിരുന്നു.

100 ഗ്രാം കൂടുതല്‍!
സെമിഫൈനല്‍ വരെ അനുവദിക്കപ്പെട്ട ഭാരവുമായി പോര് നയിച്ച വിനേഷ് ഫോഗട്ട് നിര്‍ണായകമായ ഫൈനലിനുമുമ്പ് ഭാരക്കൂടുതലിന് പുറത്തായതിനു പിന്നില്‍ ഗൂഢാലോചന ആരോപണവും ഉയര്‍ന്നു. ബി.ജെ.പി നേതാവ് കൂടിയായ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനും കൂട്ടാളികള്‍ക്കുമെതിരെ സമരമുഖത്തുണ്ടായിരുന്ന ഫോഗട്ടിന്റെ ചരിത്രനേട്ടം രാജ്യം ആഘോഷിക്കുന്നതിനിടെയായിരുന്നു ഒരിക്കലും സംഭവിക്കരുതാത്ത വീഴ്ചയുടെ പേരില്‍ അവര്‍ പുറത്താകുന്നത്.
‘ഇന്ത്യക്കും രാജ്യത്തെ ഗുസ്തി താരങ്ങള്‍ക്കുമെതിരായ വലിയ ഗൂഢാലോചനയാണിത്. അവളുടെ പ്രകടനം അഭിനന്ദനം അര്‍ഹിക്കുന്നു. ചിലര്‍ക്ക് ആ സന്തോഷം ദഹിച്ചിട്ടുണ്ടാകില്ല. ഒറ്റ രാത്രി കൊണ്ട് നമുക്ക് അഞ്ചുമുതല്‍ ആറു കിലോഗ്രാം വരെ കുറക്കാം. അപ്പോള്‍ 100 ഗ്രാമിന്റെ പേരില്‍ എങ്ങിനെയാണ് പ്രശ്‌നങ്ങളുണ്ടായത്”. – പറയുന്നത് 2008ലെ ബെയ്ജിങ് ഒളിമ്പിക് മെഡല്‍ ജേതാവ് വിജേന്ദര്‍ സിങ്.
തൊട്ടുതലേന്ന് കൃത്യമായ തൂക്കവുമായി മത്സരിച്ച് വന്‍ജയങ്ങള്‍ കുറിച്ച ഫോഗട്ട് പിറ്റേന്ന് ഭാരക്കൂടുതലിന് അയോഗ്യയാക്കപ്പെടുന്നത് മനസ്സിലാകുന്നില്ലെന്ന് താരത്തിന്റെ ഭര്‍തൃപിതാവ് രാജ്പാല്‍ റാഠി കുറ്റപ്പെടുത്തി. എന്തോ അനീതി നടന്നിട്ടുണ്ടെന്നും റാഠി കുറ്റപ്പെടുത്തി.
ഹീനമായ ഗൂഢാലോചന – പ്രതിപക്ഷം
ഒളിമ്പിക്‌സ് ഫൈനലിന് തൊട്ടുമുമ്പ് വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടതിനുപിന്നില്‍ ഹീനമായ ഗൂഢാലോചനയുണ്ടെന്ന വിമര്‍ശനവുമായി പ്രതിപക്ഷം. ഇത് ഇന്ത്യന്‍ കായിക രംഗത്ത് കറുത്ത ദിനമാണെന്ന് കോണ്‍ഗ്രസ് എം.പി രണ്‍ദീപ് സുര്‍ജെവാല കുറ്റപ്പെടുത്തി.
”140 കോടി ഇന്ത്യക്കാര്‍ വിനേഷ് ഫോഗട്ടിന്റെ അയോഗ്യത കേട്ട് ഞെട്ടിയിരിക്കുകയാണ്. ഇന്ത്യന്‍ കായിക രംഗത്തിന് ഇത് കറുത്ത ദിനമാണ്. ഇന്ത്യന്‍ കായികതാരങ്ങളുടെ കാര്യത്തിലും കായിക രംഗത്തും മോദി സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. 2023ല്‍ നീണ്ട 140 ദിവസം ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ സമരം ചെയ്തത് ഇതേ വിനേഷ് ഫോഗട്ടാണെന്ന് നാം തിരിച്ചറിയണം. അതേ വിനേഷ് ഫോഗട്ടിനെയാണ് പാര്‍ലമെന്റിനുമുന്നില്‍ പൊലീസ് വലിച്ചിഴച്ചത്”- അദ്ദേഹം പറഞ്ഞു.


