04
Aug 2024
Sat
04 Aug 2024 Sat
Azeez returned from Wayanad after finishes his work

മഹറൂഫ് പനമരം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വയനാട്: ഒരു മഹാദുരന്തം അറിഞ്ഞപ്പോൾ കൂടപ്പിറപ്പുകളെ ചേർത്ത്പിടിക്കാൻ തന്റെ ദോസ്ത് വണ്ടിയുമായി ചുരം കയറി വന്നതാണ് കൊടുങ്ങല്ലൂരുകാരൻ അസീസ്. ജീവിതത്തിൽ ഒരിക്കൽ പോലും കാണാത്ത എന്നാൽ ഇന്ന് ആരോക്കെയോ ആയിരിക്കുന്ന ഒരു പാട് മനുഷ്യരുടെ ചലനമറ്റ ശരീരങ്ങൾ അസീസ് കഴുകി വൃത്തിയാക്കി വെള്ളപുതപ്പിച്ചു ബന്ധുക്കൾക്ക് കൈമാറുകയായിരുന്നു.

ഒരുകുടുംബത്തിലെ തന്നെ അഞ്ചും പത്തും ആളുകളുടെ മൃത ശരീരങ്ങൾ കൈമാറിയത് ഇതാദ്യമാണ്. തിരിച്ചറിയാൻ പറ്റാത്ത വിധത്തിലുള്ള ശരീരങ്ങളിലെ അടയാളങ്ങൾ ബന്ദുക്കളെ കാണിച്ചു ഉറപ്പു വരുതുമ്പോൾ തന്റെ മനസ്സ് പിടയുകയായിരുന്നുവെന്ന് അസീസ് പറഞ്ഞു. അതിൽ തന്നെ മൂന്നര വയസ്സുള്ള നിഹാലിന്റെ മയ്യിത്ത് പിതാവിനെ കാണിച്ച രംഗം ചങ്ക് പിടയുന്ന കാഴ്ചയായിരുന്നു.

പാറക്കല്ലുകൾക്കിടയിൽ നിന്നു കണ്ടെത്തിയ കുഞ്ഞിന് അന്ത്യ ചുംബനം നൽകാൻ പിതാവ് അലമുറയിട്ടത് മനസ്സിൽ എന്നും നോവായി അവശേഷിക്കും. ആ കുഞ്ഞു മരണസമയം ധരിച്ച കുഞ്ഞുടുപ്പിന്റെ നിറമാണ് പിതാവിന് തന്റെ മകനെ തിരിച്ചറിയാൻ സഹായിച്ചത്.
ഇങ്ങനെയുള്ള ഒരുപാട് മനുഷ്യരുടെ കരളലിയിക്കുന്ന നോവുകൾക്ക് സാക്ഷിയാവേണ്ടി വന്നത് ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്തതാണെന്ന് കൊടുങ്ങല്ലൂർ കല്ലും പുറം സ്വദേശിയായ അസീസ് പറയുന്നു.

ഉരുൾപൊട്ടൽ വാർത്ത അറിഞ്ഞ ഉടനെ ”വയനാട്ടിലേക്കു പോകുകയാണ്, അപകടത്തിൽ പെട്ടവർക്കു രക്തവും ഭക്ഷണവും വേണം” എന്ന കുറിപ്പാണ് വാട്സ്ആപ് സ്റ്റാറ്റസായി താനിട്ടതെന്ന് അസീസ് ന്യൂസ് ടാ​ഗ് ലൈവിനോട് പറഞ്ഞു. നിമിഷ നേരം കൊണ്ട് 200 പേർക്കുള്ള ഭക്ഷണ സാധനങ്ങളെത്തിച്ചാണ് സുഹൃത്തുക്കൾ തന്റെ സ്റ്റാറ്റസ്സിനു മറുപടി നൽകിയതെന്നും അസീസ് കൂട്ടിച്ചേർത്തു.

28 വർഷമായി രക്തദാന കൂട്ടായ്മയായ ബ്ലഡ്‌ ഹിസ് റെഡിന്റെ കൺവീനറാണ് അസീസ്. നഴ്സിങ് മേഖലയിൽ ജോലിചെയ്യുന്ന ഭാര്യ റസീന അസീസിന്റെ സേവന വഴിയിൽ ഒപ്പമുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക