ചെന്നൈ: നടി തൃഷയെ കുറിച്ച് നടത്തിയ വിവാദ പരാമർശത്തിന്റെ പേരിൽ തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ ചൊവ്വാഴ്ച രാവിലെ ചെന്നൈയിലെ വസതിയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച നടന്ന പൊതുയോഗത്തിൽ നടത്തിയ പരാമർശം വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരുന്നു.
|
പൊലീസ് കസ്റ്റഡിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മാധ്യമങ്ങളോട് പ്രതികരിച്ച ഉദയനിധി, അറസ്റ്റ് “പരിഹാസ്യമായ നടപടിയാണ്” എന്നും നിയമപരമായി ഇതിനെതിരെ പോരാടുമെന്നും പറഞ്ഞു.
അറസ്റ്റിനെതിരെ ഡി.എം.കെ രംഗത്തെത്തി. ഇത് രാഷ്ട്രീയ പ്രതികാര നടപടിയാണെന്ന് പാർട്ടി ആരോപിച്ചു. “ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. ഉദയനിധി വിജയിന്റെ രാഷ്ട്രീയ പരാജയങ്ങളെക്കുറിച്ചാണ് സംസാരിച്ചത്. തൃഷയുടെ പേര് പോലും അദ്ദേഹം പരാമർശിച്ചിട്ടില്ല,” എന്ന് ഡി.എം.കെ നേതാവ് ടി.കെ.എസ്. ഇളങ്കോവൻ പറഞ്ഞു.
എന്നാൽ ടി.വി.കെ നേതാവ് അമേരിക്കൈ നാരായണൻ ഈ ആരോപണം തള്ളി. “മുഖ്യമന്ത്രി വിജയെയോ ടി.വി.കെയെയോ വിമർശിച്ചതിനല്ല ഉദയനിധിയെ അറസ്റ്റ് ചെയ്തത്. ഒരു സ്ത്രീയെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശം നടത്തിയതിനാലാണ് നടപടി,” എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
എന്താണ് വിവാദത്തിന് കാരണം?
കാവേരി ജലവിതരണ വിഷയത്തിൽ തഞ്ചാവൂരിൽ നടന്ന പ്രതിഷേധയോഗത്തിലാണ് ഉദയനിധി സംസാരിച്ചത്. തമിഴ്നാടിന് കാവേരി ജലം ലഭിച്ചില്ലെന്നും മുഖ്യമന്ത്രി ജോസഫ് വിജയ് ഇക്കാര്യത്തിൽ വേണ്ടത്ര ഇടപെടുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
ഇതിനിടെ ജനക്കൂട്ടത്തിൽ നിന്ന് “തൃഷ… തൃഷ…” എന്ന മുദ്രാവാക്യം ഉയർന്നു. പ്രസംഗം നിർത്തി നിന്ന ഉദയനിധി അതിന് മറുപടിയായി ഇരട്ട അർഥമുള്ളതും സ്ത്രീയെ അപമാനിക്കുന്നതായും വിമർശിക്കപ്പെട്ട ഒരു പരാമർശം നടത്തുകയായിരുന്നു. ഇതാണ് പിന്നീട് വലിയ രാഷ്ട്രീയ പ്രതിഷേധത്തിന് കാരണമായത്.
ദേശീയ വനിതാ കമ്മീഷനിൽ പരാതി
ഉദയനിധിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ടി.വി.കെ ദേശീയ വനിതാ കമ്മീഷന് പരാതി നൽകി. കൂടാതെ പൊലീസിലും പരാതി സമർപ്പിച്ചു.
പരാതിയിൽ, ഒരു പ്രമുഖ വനിതാ പൊതുപ്രവർത്തകയെ ലക്ഷ്യമിട്ട് ഉദയനിധി അപമാനകരവും ഇരട്ട അർഥമുള്ളതുമായ പരാമർശങ്ങൾ നടത്തിയെന്നും, ഇത്തരം പ്രസംഗങ്ങൾ പൊതുസമൂഹത്തിൽ സ്ത്രീകളെ വസ്തുവൽക്കരിക്കുന്ന പ്രവണതയെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ടി.വി.കെ ചൂണ്ടിക്കാട്ടി.
ബി.ജെ.പിയും രംഗത്ത്
തമിഴ്നാട് ബി.ജെ.പി നേതാക്കളും ഉദയനിധിയുടെ അറസ്റ്റിനായി ആവശ്യപ്പെട്ടിരുന്നു. ബി.ജെ.പി മുഖ്യ വക്താവ് നാരായണൻ തിരുപ്പതി, ഉദയനിധിയുടെ പ്രസംഗം “അശ്ലീലവും ലജ്ജാകരവും” ആണെന്ന് വിമർശിക്കുകയും, ഇത്തരമൊരു പ്രസംഗത്തിന്റെ പേരിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത് തമിഴ്നാടിന് അഭിമാനകരമായ നടപടിയാകുമെന്നും പ്രതികരിച്ചു.
തൃഷയെ ചൊല്ലിയുള്ള വിവാദങ്ങൾ തുടരുന്നു
സിനിമാതാരങ്ങളായ വിജയിയും തൃഷയും സംബന്ധിച്ച അഭ്യൂഹങ്ങൾ പ്രചരിച്ചതിന് പിന്നാലെ ഇരുവരെയും കുറിച്ച് രാഷ്ട്രീയ-സിനിമാ രംഗങ്ങളിൽ നിന്ന് വിവാദ പരാമർശങ്ങൾ ഉയരുന്നത് ഇതാദ്യമല്ല. ഈ വർഷം ആദ്യം ബി.ജെ.പി നേതാവ് നൈനാർ നാഗേന്ദ്രനും തൃഷയെ പരാമർശിച്ച് നടത്തിയ പ്രസ്താവന വിവാദമായിരുന്നു. അന്ന് നടിയുടെ നിയമസംഘം അതിനെതിരെ പ്രതികരിച്ചിരുന്നു.
Tags:
Udhayanidhi Stalin, Trisha, Chennai, Tamil Nadu, DMK, TVK, Joseph Vijay, Vijay, Tamil Nadu Politics, Actor Trisha, Political Controversy, Arrest, National Commission for Women, NCW, BJP, Cauvery Dispute, Chennai News, India News
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



