29
Aug 2024
Sun
29 Aug 2024 Sun

കണ്ണൂർ: കണ്ണൂരിൽ മാല മോഷണക്കേസിൽ ടൗൺ പോലീസിൻ്റെ പിടിയിലായ തമിഴ് സ്ത്രീകൾ വൻ റാക്കറ്റിലെ കണ്ണികൾ. തിരക്കേറിയ സ്ഥലങ്ങളിൽ മുന്തിയതും മാന്യമായതുമായ വസ്ത്രം ധരിച്ചെത്തി ആണ് ഇവർ ആഭരണങ്ങൾ കവരുക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തമിഴ്‌നാട് സ്വദേശികളായ രാധ (44), മഹാലക്ഷ്മി (34), കറുപ്പയ്യ അമ്മ (50) എന്നിവരെ ഇന്നലെയാണ് ടൗണ്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരി, വനിതാ സ്റ്റേഷന്‍ എസ്‌.െഎ. കെ.കെ. രേഷ്മ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ഇന്നലെ മാത്രം ഇവര്‍ അഞ്ചിടങ്ങളില്‍ ആണ് മാലപിടിച്ചുപറിച്ചത് എന്ന് പോലിസ് പറഞ്ഞു. ഇവരുടെ പേരില്‍ തളിപ്പറമ്പിലും എടക്കാട്ടും ഒന്ന് വീതവും ടൗണ്‍ പോലീസില്‍ മൂന്നും കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അറസ്റ്റിലായവര്‍ മാലപൊട്ടിക്കുന്നത് ബസിലെ സി.സി.ടി.വി. ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് കണ്ണൂരിലും എടക്കാട്ടും നടത്തിയ സി.സി.ടി.വി. പരിശോധനയില്‍ ആണ് പ്രതികളെ തിരിച്ചറിഞ്ഞത്.

കൂട്ടമായി എത്തി ആസൂത്രണത്തോടെ കവർച്ച
കണ്ണൂർ താഴെചൊവ്വ സ്വദേശിയായ ആയിഷ, വാമിക, കാര്‍ത്ത്യായനി എന്നിവരുടെ സ്വര്‍ണമാലയാണ് നഗരത്തില്‍നിന്ന് ഇവർ കവര്‍ന്നത്. മൂന്നുപേരും ഒന്നിച്ചു ബസ്സിൽ കയറി ആണ് കവർച്ചനടത്തിയത്. ആദ്യം ആഭരണമുള്ള സ്ത്രീകളെ കണ്ടെത്തി ബസ്സിൽ കയറും. എന്നിട്ട് മൂന്നുപേരും അടുത്തടുത്ത് നിൽക്കും. പിറകില്‍നിന്ന് രണ്ടു സ്ത്രീകള്‍ ശക്തമായി തള്ളുകയും ഉടൻ ഒരാള്‍ കഴുത്തിലുണ്ടായിരുന്ന രണ്ടുപവന്റെ മാലപൊട്ടിക്കുകയും ചെയ്യും. ഇതേ രീതിയിൽ ആണ് തൻ്റെ മാല മോഷ്ടി ആയിഷ പറഞ്ഞു.

ചോദ്യം ചെയ്യലിൽ മറുപടി ഇല്ലാതെ പ്രതികൾ

മണിക്കൂറുകളോളം ചോദ്യം ചെയ്തിട്ടും വ്യക്തമായ മേല്‍വിലാസമോ എന്തിനാണ് കണ്ണൂരില്‍ എത്തിയെതെന്നോ മൂന്ന് സ്ത്രീകളും പോലീസിനോട് വെളിപ്പെടുത്തിയില്ല.
ഇതോടെ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അന്തr സംസ്ഥാനബന്ധമുള്ള വൻ സംഘത്തില്‍പ്പെട്ടവരാണെന്ന് മനസ്സിലായത്. പുരുഷന്‍മാര്‍ ഉള്‍പ്പെടെയുള്ള റാക്കറ്റ് ഇവരുടെ പിന്നിലുണ്ടെന്ന് പോലീസ് കണ്ടെത്തി. ഒരാഴ്ചയ്ക്കിടെ തിരക്കുള്ള സ്ഥലങ്ങളില്‍നിന്ന് മാല പൊട്ടിക്കല്‍, മോഷണശ്രമം ഉള്‍പ്പെടെ മൂന്ന് പരാതികള്‍ ടൗണ്‍ പോലീസിന് ലഭിച്ചിരുന്നു. 2021, 2022 വര്‍ഷങ്ങളിലും ഇവരുടെ പേരില്‍ ടൗണ്‍ പോലീസില്‍ കേസുണ്ട്. വിവിധ പേരുകളിലാണ് ഓരോ സമയത്തും ഇവര്‍ അറിയപ്പെടുന്നത്.

കൃത്യം സ്ത്രീകൾ ചെയ്യും, പുരുഷന്മാർ നിയന്ത്രിക്കും

മംഗളൂരു വഴി തീവണ്ടിയില്‍ എത്തുന്ന സംഘം കൂട്ടങ്ങളായി പിരിഞ്ഞാണ് കവര്‍ച്ച നടത്തുക. ആകർഷകമായ വസ്ത്രം ധരിച്ചാണ് ഇവരുടെ യാത്ര. ബസ്, മാൾ , മറ്റ് തിരക്കേറിയ ഇടങ്ങൾ എന്നിവ ആണ് കവർച്ചയ്ക്കായി തെരഞ്ഞെടുക്കുക. സ്ത്രീകളാണ് സംഘത്തിന്റെ മുന്നില്‍. പുരുഷന്‍മാര്‍ ചുറ്റുവട്ടത്ത് നിരീക്ഷകരായി ഉണ്ടാകും. തിരക്കുള്ള സ്ഥലങ്ങളില്‍ എത്തുന്ന സ്ത്രീകളുടെയും കുട്ടികളുടെയും മാലകവര്‍ന്നശേഷം പെട്ടെന്ന് തന്നെ മോഷണസാധനങ്ങള്‍ സംഘത്തിലുള്ള പുരുഷന്‍മാര്‍ക്ക് കൈമാറും. അവര്‍ ഉടന്‍ സംഭവസ്ഥലത്തുനിന്ന് അപ്രത്യക്ഷമാകും. രാത്രിയോടെ മുന്‍ നിശ്ചയിച്ച സ്ഥലത്ത് എത്തിച്ചേരുന്ന സംഘം തൊട്ടടുത്ത ദിവസങ്ങളില്‍ സ്വര്‍ണം വില്പന നടത്താനുള്ള ശ്രമവും നടത്തുന്നതാണ് രീതിയെന്നും പോലിസ് അറിയിച്ചു.
ക്രൈം സ്‌ക്വാഡ് അംഗങ്ങളായ അജയന്‍, നാസര്‍, രഞ്ജിത്ത്, ഷാജി എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.