ന്യൂഡല്‍ഹി: ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സാക്ഷിയുടെ മൊഴി പൂര്‍ണമായും വളച്ചൊടിച്ചുവെന്ന് സുപ്രിം കോടതി.(Popular front case; Supreme Court says NIA distorted witness statement; An explanation should be given) നിരോധിക്കപ്പെട്ട പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതിക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് സുപ്രിം കോടതിയുടെ ഗുരതരമായ നിരീക്ഷണം.
|
കുറ്റപത്രത്തിലുള്ള മൊഴിയും മജിസ്‌ട്രേറ്റിന് മുന്നില്‍ സാക്ഷി നല്‍കിയ മൊഴിയും തികച്ചും വ്യത്യസ്ഥമാണെന്ന് ജസ്റ്റിസുമാരായ അഭയ് ഓഖ, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി.
രഹസ്യ സാക്ഷി ഇസഡ് നല്‍കിയ മൊഴിയെന്ന പേരില്‍ എന്‍ഐഎ കുറ്റപത്രത്തില്‍ പറഞ്ഞിട്ടുള്ള വിവരങ്ങള്‍ ഇങ്ങിനെയാണ്: ”2022 മെയ് 29ന് പട്‌നയിലെ അഹ്‌മദ് പാലസില്‍ നടന്ന യോഗത്തിലും പരിശീലനത്തിലും അപ്പീല്‍വാദി(ജാമ്യം തേടി സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കിയ ആള്‍) പങ്കെടുത്തു. ഈ യോഗത്തില്‍ പോപുലര്‍ ഫ്രണ്ട് വികസനം, അംഗങ്ങളുടെ പരിശീലനം, മുസ്ലിം ശാക്തീകരണം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ഇസ്ലാമിനെതിരേ സംസാരിക്കുന്നവരെ ആക്രമിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.”
എന്നാല്‍, ആരോപിക്കപ്പെടുന്ന പോപുലര്‍ ഫ്രണ്ട് യോഗത്തില്‍ പങ്കെടുത്തവരുടെ കൂട്ടത്തില്‍ അപ്പീല്‍വാദിയുടെ പേര് സാക്ഷി പറഞ്ഞിട്ടില്ലെന്ന് സുപ്രിം കോടതി നിരീക്ഷിച്ചു. മാത്രമല്ല, ഇസ്ലാമിനെ ആക്ഷേപിക്കുന്നവരെ ആക്രമിക്കുന്ന കാര്യം യോഗത്തില്‍ ചര്‍ച്ച ചെയ്തുവെന്നതും സാക്ഷി മൊഴിയിലില്ല.
”17.16 ഖണ്ഡികയില്‍ പറയുന്ന കാര്യം ശരിയല്ല. കുറ്റപത്രത്തിന്റെ 17.16 ഖണ്ഡികയില്‍ സാക്ഷി ഇസഡ് പറഞ്ഞ യഥാര്‍ത്ഥ മൊഴി പൂര്‍ണമായും വളച്ചൊടിച്ചിട്ടുണ്ട്. സാക്ഷി പറഞ്ഞ പല കാര്യങ്ങളും അതില്‍ ഉള്‍പ്പെടുത്തിയില്ല. സാക്ഷി പറയാത്ത പല കാര്യങ്ങളും പ്രസ്തുത ഖണ്ഡികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. എന്‍ഐഎ തീര്‍ച്ചയായും ഇതിന് ഒരു വിശദീകരണം നല്‍കണം. അന്വേഷണ സംവിധാനം പക്ഷപാതരഹിതമാവണം. എന്നാല്‍, ഖണ്ഡിക 17.16 തെളിയിക്കുന്നത് തികച്ചും വിരുദ്ധമായ കാര്യങ്ങളാണ്”- സുപ്രിം കോടതി വിധി പ്രസ്താവനയില്‍ വ്യക്തമാക്കി.
വിചാരണ കോടതിയും ഹൈക്കോടതിയും കുറ്റപത്രം നീതിപൂര്‍വ്വകമായല്ല പരിഗണിച്ചതെന്നും, ഹരജിക്കാരന് ജാമ്യമനുവദിച്ചു കൊണ്ട് സുപ്രിം കോടതി വിമര്‍ശിച്ചു. കുറ്റപത്രത്തില്‍ പറയുന്ന കാര്യത്തിന് പകരം പോപുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളിലാണ് പ്രത്യേക കോടതിയും ഹൈക്കോടതിയും ശ്രദ്ധ ചെലുത്തിയതെന്നും കോടതി വ്യക്തമാക്കി.
ഐപിസിയിലെ 121, 121എ, 122, യുഎപിഎ നിയമത്തിലെ 13, 18, 18എ, 20 വകുപ്പുകള്‍ പ്രകാരമാണ് അപ്പീല്‍വാദിക്കെതിരേ കേസെടുത്തത്. 2023 ജനുവരി 7ന് ആണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. അപ്പീല്‍വാദിയുടെ ഭാര്യയുടെ ഉടമസ്ഥതയില്‍ പട്‌നയിലുള്ള അഹ്‌മദ് പാലസ് എന്ന കെട്ടിടം കേസിലെ സഹപ്രതിയായ അതാര്‍ പര്‍വേസിന് വാടകയ്ക്ക് നല്‍കിയതായി പ്രോസിക്യൂഷന്‍ പറയുന്നു. പോപുലര്‍ ഫ്രണ്ടിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ഈ കെട്ടിടം ഉപയോഗിച്ചതായും പ്രോസിക്യൂഷന്‍ ആരോപിക്കുന്നു. ഈ കെട്ടിടത്തില്‍ നടന്ന യോഗത്തില്‍ കേസിനാസ്പദമായ ചര്‍ച്ചയും പരിശീലനവും നടന്നുവെന്നാണ് പ്രോസിക്യൂഷന്‍ ലാദം.
ഈ കേസില്‍ ജാമ്യം തേടി ഹരജിക്കാരന്‍ നേരത്തേ പ്രത്യേക കോടതിയെ സമീപിച്ചെങ്കിലും തള്ളുകയായിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയും ജാമ്യം തള്ളുകയും കൂട്ടുപ്രതിക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് സുപ്രിംകോടതിയെ സമീപിച്ചത്.


