30
Aug 2024
Tue
30 Aug 2024 Tue

മുംബൈ: മുസ്‌ലിംകളുടെ പ്രവാചകൻ മുഹമ്മദ് നബിക്കും ഇസ്ലാം മതത്തിനും എതിരെ വിദ്വേഷം നിറഞ്ഞ പരാമർശങ്ങൾ നടത്തിയ സംഭവത്തിൽ മഹാരാഷ്ട്രയിലെ വിവാദ തീവ്ര ഹിന്ദുത്വ സന്യാസിക്കെതിരെ കേസ്. (Fresh two cases registered against controversial Hindu monk Mahant Ramgiri Maharaj in different police stations in Mumbai for provocative remarks about Prophet Mohammad).

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അഹമ്മദ്‌നഗർ ജില്ലയിലെ ശ്രീരാംപൂർ സദ്ഗുരു ഗംഗാഗിരി മഹാരാജ് സൻസ്ഥാൻ തലവൻ മഹന്ത് രാംഗിരി മഹാരാജിനെതിരെയാണ് വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തത്. മുംബൈയിലെ ബാന്ദ്ര, നിർമൽ ന​ഗർ പൊലീസ് സ്റ്റേഷനുകളിലായി രണ്ട് FIR കളാണ് ഏറ്റവും പുതിയതായി രജിസ്റ്റർ ചെയ്തത്. ഞായറാഴ്ച മഹിം, പൈഥോനി പൊലീസ് സ്റ്റേഷനുകളിലും ശനിയാഴ്ച താനെ ജില്ലയിലെ മുംബ്ര പൊലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ കേസെടുത്തിരുന്നു. ഇതോടെ വിദ്വഷം പ്രസംഗിച്ചതിന് റിയാൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം അഞ്ചായി.
മതവികാരം വ്രണപ്പെടുത്തിയതിനും സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തിയതിനും സാമൂഹിക സമാധാനം തകർത്തതിനുമാണ് കേസെടുത്തത്.

ഭാരതീയ ന്യായ് സംഹിതയിലെ (BNS)352, 299 വകുപ്പുകൾ ചുമത്തിയാണ് പുതിയ കേസുകൾ. മുംബൈയിലെ തുണിക്കച്ചവടക്കാരന്റെയും ഓട്ടോ ഡ്രൈവറുടേയും പരാതികളിലാണ് പുതിയ നടപടി.

മഹിം, പൈഥോനി പൊലീസ് സ്റ്റേഷനുകളിൽ ബി.എൻ.എസ് 351(1ബി,സി), 353 (2,3), 299, 302, 196(1,9), 356, 352, 351 എന്നീ വകുപ്പുകൾ പ്രകാരമാണ് രാം​ഗിരി മഹാരാജിനെതിരെ കേസെടുത്തത്.

ഈ മാസം 15ന് നാസിക് ജില്ലയിലെ സിന്നാർ താലൂക്കിലെ ഷാ പഞ്ചാലെ ഗ്രാമത്തിൽ നടന്ന ഹൈന്ദവ ചടങ്ങിനിടെയായിരുന്നു മഹാരാജ് വിദ്വേഷ പരാമർശങ്ങൾ നടത്തിയത്. ഇതിൻ്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതോടെ ആണ് വ്യാപക പരാതി പോയത്.പ്രസംഗം സംഘർഷത്തിനും കാരണമായി.

നൂറുകണക്കിന് പേർ തടിച്ചുകൂടിയതിനെ തുടർന്ന് ഛത്രപതി സംഭാജിനഗർ, അഹമ്മദ്‌നഗർ, നാസിക് ജില്ലകളിൽ ഇരു വിഭാ​ഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായി. നിയമവിരുദ്ധമായ സംഘം ചേരൽ, കലാപം, കൊലപാതകശ്രമം എന്നീ വകുപ്പുകൾ ചുമത്തി 20 പേരെ അറസ്റ്റ് ചെയ്യുകയും ആറ് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തതായും പിന്നീട് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയതായും പൊലീസ് അറിയിച്ചു.