25
Aug 2024
Mon
25 Aug 2024 Mon
Ambulance driver died after collided with fire engine in Kannur Thalassery

കണ്ണൂര്‍: കണ്ണൂര്‍ തലശ്ശേരിയില്‍ ആംബുലന്‍സും ഫയര്‍എഞ്ചിനും കൂട്ടിയിടിച്ച് ആംബുലന്‍സ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. മൊയ്തു പാലത്തിന് സമീപം ഉണ്ടായ അപകടത്തില്‍ ഏഴോം കൊട്ടില സ്വദേശി മിഥുന്‍ (30) ആണ് മരിച്ചത്. ആംബുലന്‍സിലുണ്ടായിരുന്ന സുകേഷ്, പ്രവീണ്‍, സിന്ധു എന്നിവരെ പരിക്കുകളോടെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. മുഴപ്പിലങ്ങാട് കുളം ബസാറിലേക്ക് തീയണക്കാന്‍ പോകുകയായിരുന്ന തലശ്ശേരി അഗ്‌നിരക്ഷാസേനയുടെ വാഹനവും പരിയാരത്തുനിന്ന് മൃതദേഹവുമായി വരികയായിരുന്ന ആംബുലന്‍സുമാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ പരിയാരത്ത് മരിച്ച ചിറക്കുനിയിലെ എം ഹരിദാസന്റെ മൃതദേഹവുമായി വരികയായിരുന്നു ആംബുലന്‍സ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹരിദാസന്റെ മക്കളാണ് പരിക്കേറ്റ സുകേഷും സിന്ധുവും. മറ്റൊരു മകളുടെ ഭര്‍ത്താവാണ് പ്രവീണ്‍. അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ക്ക് പരിക്കില്ല. ഹരിദാസന്റെ മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.  ഗുരുതര പരിക്കേറ്റ മിഥുനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Ambulance driver died after collided with fire engine in Kannur Thalassery