13
Aug 2024
Fri
13 Aug 2024 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: നടൻ ജ്യസൂര്യക്കെതിരായ കുരുക്ക് മുറുകുന്നു. ലൈംഗികാതിക്രമ പരാതിയില്‍ ജയസൂര്യയ്‌ക്കെതിരെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരം സ്വദേശിനിയായ നടി നല്‍കിയ പരാതിയില്‍ കരമന പൊലീസ് ആണ് FIR രജിസ്റ്റര്‍ ചെയ്തത്. തൊടുപുഴയിൽ ഷൂട്ട് ചെയ്ത സിനിമയുടെ ലൊക്കേഷനില്‍ വെച്ച് ജയസൂര്യ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.

ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയിരിക്കെ തൊടുപുഴയിലെ ലൊക്കേഷനില്‍ വെച്ച് നടന്‍ ജയസൂര്യയില്‍ നിന്നും തിക്താനുഭവം നേരിട്ടതായാണ് നടിയുടെ ആരോപണം. പരാതിയിൽ പ്രത്യേക അന്വേഷണ സംഘം ഇന്നലെ നടിയുടെ വീട്ടിലെത്തി മൊഴിയെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ജയസൂര്യയ്‌ക്കെതിരെ കേസ് എടുത്തത്.

കരമന പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് തൊടുപുഴ പൊലീസിന് കൈമാറും. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ ഐശ്വര്യ ഡോങ്ക്‌റെയുടെ നേതൃത്വത്തിലുള്ള സംഘമാകും കേസ് അന്വേഷിക്കുക. സെക്രട്ടേറിയറ്റില്‍ സിനിമാ ഷൂട്ടിങ്ങിനിടെ ലൈംഗികാതിക്രമം നേരിട്ടെന്ന പരാതിയില്‍ കഴിഞ്ഞ ദിവസം ജയസൂര്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ ആണ് പുതിയ കേസ്.