കൊച്ചി: മലയാള സിനിമ താരങ്ങളുടെ സംഘടനയായ അമ്മയ്ക്കുള്ളില്‍ വീണ്ടും പൊട്ടിത്തെറി. അന്‍സിബ ഹസന്റെ ടിനി ടോമിനെതിരായ ആരോപണത്തിന്റെ പിന്നാലെ ചീഞ്ഞ് നാറുന്ന കഥകളാണ് സിനിമാ സംഘടനയ്ക്കുള്ളില്‍ നിന്ന് പുറത്തുവരുന്നത്. തനിക്കെതിരെ നടന്‍ അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നുന്നാരോപിച്ചാണ് അന്‍സിബ രംഗത്തെത്തിയത്. എന്നാല്‍, ആ ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്ന് അമ്മ വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയ.
|
താന്‍ ആരോട് സംസാരിച്ചാലും അവരെ ചേര്‍ത്ത് ടിനി ടോം അവിഹിതക്കഥകള്‍ സൃഷ്ടിക്കുമായിരുന്നുവെന്നാണ് അന്‍സിബ വ്യക്തമാക്കിയത്. തന്നെ മത തീവ്രവാദിയാക്കാന്‍ നിരന്തര ശ്രമം നടത്തി. താന്‍ ആളുകളെ മതം മാറ്റാന്‍ ശ്രമിക്കുന്ന ജിഹാദിയാണെന്ന് പറഞ്ഞ് പരത്തി. താന്‍ മാനസികമായി ആകെ തകര്‍ന്നുവെന്നും ഇത്രയും കാലം ഒന്നും പറയാതിരുന്നത് സിനിമയില്‍ നിന്ന് പുറത്താകുമെന്ന് ഭയന്നാണെന്നും നടി പറയുന്നു.
ടിനി ടോം പലരെയും അപമാനിച്ചു
നീന കുറുപ്പ് ഉള്‍പ്പെടെയുള്ള നടിമാര്‍ക്ക് ടിനി ടോമിന്റെ അപവാദപ്രചാരണം ഏല്‍ക്കേണ്ടിവന്നിട്ടുണ്ടെന്നും അന്‍സിബ പറഞ്ഞു. ടിനിക്കെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്നും നടി വ്യക്തമാക്കി. ‘അമ്മ’ എക്‌സിക്യൂട്ടീവില്‍ നിന്ന് രാജി വച്ചതിന്റെ യഥാര്‍ഥ കാരണം ആളുകള്‍ അറിയണം എന്നതുകൊണ്ടാണ് വെളിപ്പെടുത്തലെന്നും നടി കൂട്ടിച്ചേര്‍ത്തു.
സംഘടനയെ എങ്ങനെ നയിക്കണമെന്ന് അറിയാത്തവരുടെ ഇടപെടലുകളെത്തുടര്‍ന്നാണ് പുതിയ വിവാദങ്ങളുണ്ടായതെന്ന് ടിനി ടോം നേരത്തെ പറഞ്ഞിരുന്നു. ‘അന്‍സിബ രാജിയെക്കുറിച്ച് വ്യക്തിപരമായ കാര്യങ്ങളാണ് പറഞ്ഞത്. മറ്റ് കാരണങ്ങളൊന്നും അറിയിട്ടിച്ചില്ല. വ്യക്തിപരമായ തിരക്കുകള്‍കൊണ്ട് പിന്മാറുന്നു എന്നാണ് പറഞ്ഞത്’ എന്നും വ്യക്തമാക്കിയിരുന്നു.
അന്‍സിബയ്‌ക്കെതിരേ പരാതി നല്‍കിയത് താനെന്ന് ലക്ഷ്മി പ്രിയ
നടി അന്‍സിബ ഹസനെതിരെ അമ്മ വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയ. അന്‍സിബയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. അന്‍സിബയ്‌ക്കെതിരെ പരാതി നല്‍കിയത് താനാണെന്ന് അവര്‍ വ്യക്തമാക്കി.
കഴിഞ്ഞ ഡിസംബറില്‍ അന്‍സിബ തന്റെ ഫോണിലേക്ക് ഒരു മെസ്സേജ് അയച്ചു. അതിന്റെ ഉള്ളടക്കത്തെ കുറിച്ച് പലതവണ ചോദിച്ചെങ്കിലും വിശദീകരിച്ചില്ല. ഫോണ്‍ സന്ദേശം സംബന്ധിച്ച് തന്റെ കുടുംബത്തില്‍ പല പ്രശ്‌നങ്ങളും ഉണ്ടായി . തെറ്റിദ്ധാരണ പരത്തുന്ന ഈ സന്ദേശം വിശദീകരിക്കാത്തതിന് തുടര്‍ന്നാണ് താന്‍ പൊലീസില്‍ പരാതി നല്‍കിയത്. അമ്മയുടെ യോഗത്തില്‍ ക്ഷേത്രത്തിന്റെ പരസ്യം നല്‍കുന്നതിന് അന്‍സിബ മാത്രമല്ല പലരും എതിര്‍ത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ അന്‍സിബ ഇത് വര്‍ഗീയമായി ചിത്രീകരിക്കുകയാണെന്നും ലക്ഷ്മി പ്രിയ പറഞ്ഞു.
അന്‍സിബയും താനുമായി മാത്രമാണ് പ്രശ്‌നം. മതതീവ്രവാദിയാക്കി, ജിഹാദി എന്ന് വിളിച്ചു എന്നത് സംബന്ധിച്ച വിഷയവുമായി ഇതിന് ബന്ധമില്ല. ജനറല്‍ സെക്രട്ടറിയും നീന കുറപ്പുമാണ് ഗൂഢാലോചനയ്ക്ക് പിന്നില്‍. അംഗങ്ങള്‍ അറിയാതെ സെക്രട്ടറി കാര്യങ്ങള്‍ ചെയ്യുന്നു. ഓഫീസില്‍ നടക്കുന്ന കാര്യങ്ങള്‍ പ്രസിഡന്റിനെ അറിയിക്കുന്നില്ല. നീന കുറുപ്പിനെ പ്രീതിപ്പെടുത്താത്തതിനാലാണ് എനിക്ക് ഒരു മാസം അമ്മയില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.
പരാതിക്ക് പിന്നില്‍ നീന കുറുപ്പ്
ഉണ്ണി ശിവപാല്‍ ബലിയാടാക്കപ്പെടുകയാണ്. ടിനി ടോമിനെ നാളുകളായി അറിയാം. സ്ത്രീകളെ ബഹുമാനിക്കുന്ന ഒരാളാണ്. അങ്ങനെയൊരു വ്യക്തിക്ക് എതിരെയാണ് പരാതി പറയുന്നത്. ഇത് വിശ്വസിക്കാന്‍ കഴിയില്ല. നീന കുറുപ്പാണ് ഈ പരാതികള്‍ക്ക് പിറകില്‍. അമ്മ സംഘടനയ്ക്കുള്ളില്‍ യാതൊരു തരത്തിലും സ്വകാര്യതയില്ല.
വെച്ചിട്ടുള്ള ക്യാമറകള്‍ എല്ലാം ഓഡിയോ റെക്കോര്‍ഡിങ് ഉള്ളതാണ്. കുക്കു പരമേശ്വരന്‍ കണക്കുകള്‍ ഒന്നും ഹാജരാക്കാറില്ല. അമ്മയിലുള്ളത് അധോലോക സംഘടനയാണ്. ഒന്നും നടക്കുന്നില്ല. ബാത്‌റൂമിന്റെ വാതിലില്‍ വരെ സിസി ടിവിയുണ്ട്. നീന കുറുപ്പിന്റെ ആവശ്യം ഓരോരുത്തരെ ആയി പുറത്താക്കണം എന്നാണ്. അന്‍സിബക്ക് എതിരായ തെളിവുകള്‍ എല്ലാം തന്റെ കൈവശം ഉണ്ട് . അത് ജനറല്‍ ബോഡി യോഗത്തില്‍ കാണിക്കുമെന്നും അവര്‍ വ്യക്തമാക്കി.
അതേസമയം അമ്മ ഭരണസമിതി രാജിവെക്കണമെന്ന് അന്‍സിബ ആവശ്യപ്പെട്ടു. സാമ്പത്തിക ക്രമക്കേട് ചൂണ്ടിക്കാട്ടിയപ്പോള്‍ ശത്രുവായി. ടിനി ടോം ജിഹാദി എന്ന് വിളിച്ചു എന്ന പരാതിയില്‍ ഉറച്ചുനില്‍ക്കുന്നു. അമ്മയില്‍ നിന്ന് സ്ത്രീകള്‍ക്ക് ഒരു നീതിയും ലഭിക്കില്ല. ഭാരവാഹിയായ തനിക്ക് പോലും നീതി ലഭിച്ചില്ല. പിന്നെയല്ലേ സാധാരണ അംഗങ്ങള്‍ക്ക്.
ലക്ഷ്മിപ്രിയയും പ്രിയങ്കയും എല്ലാം പറയുന്നത് കള്ളം. ലക്ഷ്മിപ്രിയയാണ് കേസ് നല്‍കിയത്. ലക്ഷ്മിപ്രിയ ദുബൈയില്‍ പോയിരുന്നോ, ചിത്രം എടുത്തിരുന്നോ എന്ന വാട്‌സ്ആപ്പ് സന്ദേശത്തിന്റെ പേരിലാണ് കേസ്‌കൊടുത്തത്. പൊലീസ് വ്യാജ കാര്യം പറഞ്ഞാണ് വിളിച്ചത്. പരാതി നല്‍കിയിട്ടും അമ്മയില്‍ നിന്ന് പ്രതികരണം ഉണ്ടായിട്ടില്ലെന്നും അവര്‍ പറഞ്ഞു.



