ബിജെപിയിൽ അംഗത്വമെടുത്തത്
വിളിച്ച നേതാക്കളെ മുഷിപ്പിക്കേണ്ടെന്ന് കരുതിയാണെന്ന്
കഴിഞ്ഞ ദിവസം പാർട്ടിയിൽ ചേർന്ന
സംഗീത സംവിധായകൻ മോഹൻ സിത്താര
മോഹൻ സിത്താര പാർട്ടിയിൽ അംഗത്വമെടുത്തതായി ബിജെപി തൃശൂർ ജില്ലാ കമ്മിറ്റിയായിരുന്നു വാർത്താക്കുറിപ്പിറക്കിയത്.
കൂടുതൽ പ്രമുഖർ പാർട്ടിയിൽ ചേരുന്നുവെന്ന ബിജെപി പ്രചാരണത്തിനിടെ ആണ് മോഹൻ സിത്താര കാര്യഗൗരവം ഇല്ലാതെയാണ് പാർട്ടിയിൽ അംഗത്വം എടുക്കാനുള്ള ക്ഷണം സ്വീകരിച്ചത് എന്ന് വ്യക്തമാക്കിയിരിക്കുന്നത്. മോഹൻ സിത്താരയുടെ പ്രതികരണം ഇങ്ങനെ:
|
എല്ലാ കക്ഷിരാഷ്ട്രീയ പാർട്ടികളിലും എനിക്ക് ആത്മാർത്ഥ സുഹൃത്തുക്കളുണ്ട്. എന്നാൽ ഏതെങ്കിലും ഒന്നിൽ, മുന്നിലോ പിന്നിലോ ഒപ്പമോ നിന്ന് പ്രവർത്തിക്കാൻ എനിക്കാവില്ല. കാരണം രാഷ്ട്രീയത്തെ ക്കുറിച്ച് എനിക്ക് യാതൊന്നും അറിയില്ല.
ദിവസങ്ങൾക്ക് മുൻപ് എന്നെ ഒരു സുഹൃത്ത് ഫോണിൽ വിളിച്ച് അംഗത്വമെടുക്കുന്നതിനെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. അവരെ മുഷിപ്പിക്കരുതെന്ന് കരുതിയും കാര്യഗൗരവം അറിയാതെയും ഞാൻ അതിന് സമ്മതിക്കുകയും ചെയ്തു. അപ്രകാരം അവർ ഞാൻ വർക്ക് ചെയ്യുന്ന സ്റ്റുഡിയോയിൽ വന്ന് ഷാൾ അണിയിച്ച് ആദരിച്ച് ഹസ്തദാനം തന്നു. ഇതാണ് അന്നേദിവസം ഉണ്ടായത്.
ഒട്ടുമിക്ക രാഷ്ട്രീയക്കാരും വീട്ടിൽ വരാറുണ്ട്. ഏവരും ക്ഷണിക്കുന്ന സാംസ്കാരിക പരിപാടികൾക്ക് ഒരു കലാകാരന്റെ ധാർമികത എന്ന നിലയ്ക്ക് ഒഴിവനുസരിച്ചു ഞാൻ പോകാറുമുണ്ട്. വ്യത്യസ്ത രാഷ്ട്രീയത്തിലുള്ള പൊതുസമൂഹത്തിന്റെ ഭാഗമാകാനേ എനിക്കാവൂ. അനുമോദിക്കാൻ വന്ന എന്റെ സുഹൃത്തുക്കളും മറ്റു കക്ഷി രാഷ്ട്രീയത്തിലുള്ള എന്റെ സുഹൃത്തുക്കളും പൊതുസമൂഹവും എന്റെ നിസ്സഹായാവസ്ഥ തിരിച്ചറിയണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
സമൂഹത്തിലെ എല്ലാവരെയും ഉൾകൊണ്ടു സംഗീതത്തിൽ മാത്രം ശ്രദ്ധചെലുത്തി വളരെ നിശബ്ദമായി ജീവിച്ചുപോരുന്ന ഒരാളാണ് ഞാൻ. ദയവുചെയ്ത് അനാവശ്യ ചർച്ചകളിലേക്ക് എന്നെ വലിച്ചിഴയ്ക്കരുതെന്നും വിനീതമായി അഭ്യർഥിക്കുന്നു. ഈ വിഷയം ഞാൻ ഇവിടെ സവിനയം അവസാനിപ്പിക്കുന്നു. ഇനിയും ബന്ധപ്പെട്ട തുടർചർച്ചകൾക്ക് എനിക്കാവില്ല. കാരണം ഇതിൽക്കൂടുതൽ വിശദീകരിക്കാനൊന്നും തനിക്കറിയില്ലെന്നും കുറിപ്പിൽ പറയുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





