നടി കവിയൂര്‍ പൊന്നമ്മ(79) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എഴുന്നൂറിലധികം സിനിമകളിൽ വേഷമിട്ട കവിയൂർ പൊന്നമ്മ അമ്മ വേഷങ്ങളിലാണ് കൂടുതലായും തിളങ്ങിയത്.
സിനിമാ നിര്‍മാതാവായിരുന്ന മണിസ്വാമിയായിരുന്നു ഭർത്താവ്. ഏകമകൾ ബിന്ദു അമേരിക്കയിലാണ്. വടക്കൻ പറവൂരിലെ കരിമാളൂരിലെ വസതിയിൽ ജ്യേഷ്ഠനും കുടുംബത്തിനുമൊപ്പമാണ് കവിയൂർ പൊന്നമ്മ കഴിഞ്ഞുവന്നിരുന്നത്.
|
അന്തരിച്ച പ്രശസ്ത നാടക സിനിമാ നടിയായിരുന്ന കവിയൂർ രേണുക പൊന്നമ്മയുടെ സഹോദരിയാണ്. മികച്ച സഹനടിക്കുള്ള സംസ്ഥാനചലച്ചിത്ര അവാർഡ് നാലുതവണ (1971, 1972, 1973, 1994) കവിയൂര്‍ പൊന്നമ്മക്ക് ലഭിച്ചു. 1945 സെപ്റ്റംബർ 10ന് പത്തനംതിട്ട ജില്ലയിലെ കവിയൂർ എന്ന ഗ്രാമത്തിലാണ് ജനനം. കുട്ടിക്കാലം പൊൻകുന്നത്തായിരുന്നു. പിന്നീട് സംഗീത പഠനത്തിനായി ചങ്ങനാശ്ശേരിയിലെത്തി. 14-ാമത്തെ വയസ്സിൽ പ്രമുഖ നാടകക്കമ്പനിയായ പ്രതിഭ ആർട്സിന്റെ നാടകങ്ങളിൽ ഗായികയായാണ് കലാരംഗത്തേക്ക് കടന്നുവന്നത്. കെപിഎസിയുടെ മൂലധനം എന്ന നാടകത്തിലൂടെ നാടകരംഗത്തെത്തി. 1962 ൽ ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിലാണ് ആദ്യമായി കാമറക്ക് മുന്നിലെത്തുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





