05
Aug 2026
Wed
05 Aug 2026 Wed
Supreme court grants bail to Priyaranjan who kills 15 year old boy in Kattakkada

ക്ഷേത്രമതിലില്‍ മൂത്രമൊഴിച്ചതു ചോദ്യംചെയ്ത 15കാരനെ കാറിടിപ്പിച്ചുകൊന്ന പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച് സുപ്രിംകോടതി. തിരുവനന്തപുരം കാട്ടാക്കടയില്‍ 15കാരന്‍ ആദിശേഖറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലാണ് കുട്ടിയുടെ ബന്ധുകൂടിയായ പ്രതി പ്രിയരഞ്ജന്റെ ശിക്ഷ സുപ്രിംകോടതി മരവിപ്പിച്ചത്. വിചാരണക്കോടതി വിധിച്ച ജീവപര്യന്തം കഠിനതടവ് ശിക്ഷയാണ് സുപ്രിംകോടതി മരവിപ്പിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആദിശേഖറിനെ കൊല്ലാന്‍ പ്രതിക്ക് ഉദ്ദേശ്യമില്ലായിരുന്നു എന്ന് ശിക്ഷാവിധിയില്‍ നിരീക്ഷിച്ചത് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ എം.എം സുന്ദരേഷ്, പ്രസന്ന ബി. വരാലെ എന്നിവരുടെ ബെഞ്ച് ശിക്ഷ മരവിപ്പിച്ചത്. തിരുവനന്തപുരം അഡിഷനല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചിരുന്നത്. ശിക്ഷ റദ്ദാക്കണമെന്ന പ്രിയരഞ്ജന്റെ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

പ്രിയരഞ്ജന് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയുമാണ് തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. പൂവച്ചല്‍ പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിന്റെ മതിലില്‍ പ്രിയരഞ്ജന്‍ മൂത്രമൊഴിച്ചതിനെ ആദിശേഖര്‍ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യത്തില്‍ 2023 ആഗസ്ത് 30ന് വഴിയരികില്‍ കാറുമായി കാത്തുനിന്ന പ്രിയരഞ്ജന്‍ ആദിശേഖര്‍ സൈക്കിളുമായി വരുന്നത് കണ്ട് കാര്‍ വേഗത്തില്‍ ഓടിച്ച് കുട്ടിയെ ഇടിപ്പിക്കുകയായിരുന്നു.

അപകടമെന്നാണ് ആദ്യം കരുതിയിരുന്നതെങ്കിലും കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ മൊഴിയും പ്രതി കാറുമായി കാത്തുകിടക്കുന്നതിന്റെയും കുട്ടിയെ ഇടിച്ചുതെറിപ്പിക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളാണ് ആസൂത്രിത കൊലപാതകമാണെന്നു തിരിച്ചറിയാന്‍ കാരണമായത്. സംഭവത്തിനു ശേഷം കാര്‍ ഉപേക്ഷിച്ച് കുടുംബവുമായി തമിഴ്‌നാട്ടിലേക്ക് കടന്ന പ്രിയരഞ്ജനെ കാട്ടാക്കട സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഡി.ഷിബുകുമാറിന്റെ നേതൃത്വത്തിലാണ് കന്യാകുമാരി കുഴിത്തുറയില്‍നിന്ന് അറസ്റ്റ് ചെയ്തത്.

ALSO READ: സ്‌കൂള്‍ ബസ്സോടിക്കുന്നതിനിടെ ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക