തൃശൂർ കയ്പമംഗലത്ത് യുവാവിനെ തല്ലിക്കൊന്ന് വാഹനാപകടമാക്കാൻ ശ്രമം. യുവാവ് കൊല്ലപ്പെട്ടതോടെ അക്രമികൾ ആംബുലൻസ് വിളിച്ചുവരുത്തുകയും വാഹനമിടിച്ചുപരിക്കേറ്റതാണെന്ന കള്ളം പറയുകയുമായിരുന്നു. തുടർന്ന് ആംബുലൻസിനു പിന്നാലെ കാറിൽ വരാമെന്ന് പറഞ്ഞ സംഘം വഴിമധ്യേ മുങ്ങുകയായിരുന്നു.
|
കോയമ്പത്തൂർ സ്വദേശി അരുൺ (40) ആണ് കൊല്ലപ്പെട്ടത്. ഞായർ വൈകിട്ട് കയ്പമംഗലത്തുളള സ്വകാര്യ ആംബുലൻസ് ഡ്രൈവർക്കാണ് വാഹനാപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോവാനാവശ്യപ്പെട്ടുള്ള ഫോൺകോളെത്തുന്നത്. ഫോണിൽ വിളിച്ചവർ പറഞ്ഞ സ്ഥലത്തെ എത്തുമ്പോൾ യുവാവിന് സമീപത്തായി നിർത്തിയിട്ട കാറിൽ നാലംഗ സംഘം ഉണ്ടായിരുന്നു. ആരെങ്കിലും ഒരാൾ പരിക്കേറ്റയാൾക്കൊപ്പം ആംബുലൻസിൽ കയറണമെന്ന് ഡ്രൈവർ പറഞ്ഞെങ്കിലും കാറിൽ വന്നോളാമെന്നായിരുന്നു മറുപടി.
യുവാവിനെ ആശുപത്രിയിലെത്തിച്ചു നടത്തിയ പരിശോധനയിൽ മരണം നേരത്തേ തന്നെ സംഭവിച്ചതായി കണ്ടെത്തി. ദേഹ പരിശോധന നടത്തിയപ്പോഴാണ് ക്രൂര മർദനത്തിന്റെ പാടുകൾ കണ്ടെത്തിയത്. ആശുപത്രി അധികൃതർ വിവരം കൊടുങ്ങല്ലൂർ പോലീസിനെ അറിയിക്കുകയും അന്വേഷണത്തിൽ കൊലപാതകത്തിന്റെ ചുരുളഴിയുകയുമായിരുന്നു.
കണ്ണൂർ അഴിക്കലിൽ ഉള്ള ഐസ് ഫാക്ടറി ഉടമ സാദിഖാണ് കോയമ്പത്തൂരിൽ നിന്ന് അരുണിനെ വിളിച്ചുവരുത്തിയതെന്ന് പോലീസ് കണ്ടെത്തി. അരുണും സാദിഖും തമ്മിൽ പത്തുലക്ഷം രൂപയുടെ സാമ്പത്തിക ഇടപാടുണ്ടായിരുന്നു. പണം തിരിച്ചുകിട്ടാതെ വന്നതോടെ, അത് തിരിച്ചുപിടിക്കാനായാണ് അരുണിനെ കോയമ്പത്തൂരിൽ നിന്ന് വിളിച്ചുവരുത്തിയത്. തൃശൂരിലെത്തിയ അരുണിനെ നാലംഗസംഘം കാറിൽ പിടിച്ചുകയറ്റി മർദ്ദിക്കുകയായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





