ലഖ്‌നൗ: കേരളത്തില്‍ നിന്നുള്ള 2 പിഎഫ്‌ഐ (പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ) പ്രവര്‍ത്തകര്‍ക്കെതിരായ 2021-ലെ കേസിലെ വിചാരണയില്‍ കാര്യമായ പുരോഗതിയില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഇക്കാര്യത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രത്യേക എന്‍ഐഎ/എടിഎസ് കോടതിയോട് നിര്‍ദേശിച്ചു.
|
ജസ്റ്റിസുമാരായ രാജേഷ് സിംഗ് ചൗഹാന്‍, റാം മനോഹര്‍ നാരായണ്‍ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് പിഎഫ്‌ഐ പ്രവര്‍ത്തകരായ അന്‍സാദ് ബദ്‌റുദ്ദീന്‍, ഫിറോസ് ഖാന്‍ എന്നിവര്‍ സമര്‍പ്പിച്ച മൂന്നാമത്തെ ജാമ്യാപേക്ഷ പരിഗണിക്കവെ ഈ നിര്‍ദേശം നല്‍കിയത്.
വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നേരത്തെ നിര്‍ദേശം
2022 ഡിസംബര്‍ 7-ന് നല്‍കിയ ഉത്തരവില്‍ വിചാരണ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് 2024 ജനുവരി 24-ന് നല്‍കിയ മറ്റൊരു ഉത്തരവില്‍ സാക്ഷികളെ ഇന്ത്യന്‍ തെളിവ് നിയമത്തിലെ സെക്ഷന്‍ 138 പ്രകാരം വിസ്തരിക്കുകയും വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കുകയും ചെയ്യണമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഇതുവരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത പരാതിക്കാരന്റെ ക്രോസ് എക്‌സാമിനേഷന്‍ പോലും പൂര്‍ത്തിയായിട്ടില്ലെന്നും വിചാരണ വളരെ മന്ദഗതിയിലാണെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു.
ഹൈക്കോടതിയുടെ വിമര്‍ശനം
കേസിന്റെ രേഖകള്‍ പരിശോധിച്ച കോടതി, സാക്ഷി വിസ്താരത്തില്‍ ആവശ്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നും മുന്‍ ഉത്തരവുകള്‍ പ്രത്യേക കോടതി പാലിച്ചിട്ടില്ലെന്നതില്‍ അത്ഭുതമുണ്ടെന്നും നിരീക്ഷിച്ചു.
‘പ്രാഥമികമായി പരിശോധിക്കുമ്പോള്‍ വിചാരണയില്‍ യാതൊരു പുരോഗതിയും കാണുന്നില്ല. വിചാരണ വൈകുന്നത് ഭരണഘടനയുടെ 21-ാം അനുച്ഛേദപ്രകാരം പ്രതികള്‍ക്ക് ലഭിക്കേണ്ട മൗലികാവകാശത്തെ ബാധിക്കാനിടയുണ്ട്,’ കോടതി നിരീക്ഷിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതിയുടെ നിര്‍ദേശങ്ങള്‍ പാലിച്ച് വിചാരണ പൂര്‍ത്തിയാക്കാത്തതിന്റെ കാരണം വ്യക്തമാക്കുന്ന സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ലഖ്‌നൗവിലെ പ്രത്യേക എന്‍ഐഎ/എടിഎസ് സെഷന്‍സ് ജഡ്ജിയോട് കോടതി നിര്‍ദേശിച്ചു.
കേസ് ഈ മാസം 10-ന് വീണ്ടും പരിഗണിക്കും.
സംസ്ഥാനത്തിന്റെ വാദം
വിചാരണ വൈകിയാലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം (UAPA) പ്രകാരമുള്ള കേസുകളില്‍ സെക്ഷന്‍ 43D(5) അനുസരിച്ച് ജാമ്യം അനുവദിക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങളുണ്ടെന്ന് സംസ്ഥാനം കോടതിയെ അറിയിച്ചു. ഇതിന് പിന്തുണയായി സുപ്രീംകോടതിയുടെ Gulfisha Fatima vs State (Govt. of NCT of Delhi) വിധിയും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
കേസിന്റെ പശ്ചാത്തലം
2021 ഫെബ്രുവരി 16-നാണ് ഉത്തര്‍പ്രദേശ് എടിഎസ് പത്തനംതിട്ട സ്വദേശി അന്‍സാദ് ബദ്‌റുദ്ദീന്‍, കോഴിക്കോട് വടകര സ്വദേശി ഫിറോസ് ഖാന്‍ എന്നിവരെ അറസ്റ്റ് ചെയ്തത്.
ഹിന്ദു മതസംഘടനകളുടെ നേതാക്കളെ വധിക്കാനും സമൂഹത്തില്‍ ഭീതി പരത്താനും ഹിന്ദു മതപരമായ പരിപാടികളില്‍ സ്ഫോടനം നടത്താനും പദ്ധതിയിട്ടുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ് എന്നാണ് അന്വേഷണ ഏജന്‍സിയുടെ ആരോപണം. ഇവരില്‍ നിന്ന ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും രഹസ്യ കോഡുകള്‍ അടങ്ങി ഒരു ഡയറിയും പിടിച്ചെടുത്തതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
കേസ് കെട്ടിച്ചമച്ചതെന്ന്
എന്നാല്‍, സംഘടനാ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഇരുവരും ഉത്തരേന്ത്യയിലെത്തിയതെന്ന് ആ സമയത്ത് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. ബിഹാറിലെ കൈത്താറില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇരുവരെയും ട്രെയ്‌നില്‍ വച്ച് അറസ്റ്റ് ചെയ്തത്. പിന്നീട് ദിവസങ്ങളോളം ഇരുവരെക്കുറിച്ചും വിവരമൊന്നുമുണ്ടായിരുന്നില്ല. കുടുംബം കേരളത്തിലെ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് യുപി പോലീസ് വാര്‍ത്താ സമ്മേളനം നടത്തി അറസ്റ്റ് വിവരം പ്രഖ്യാപിച്ചത്. പോപ്പുലര്‍ ഫ്രണ്ടിനെതിരായ പ്രതികാര നടപടിയുടെ ഭാഗമായി കെട്ടിച്ചമച്ച കഥയാണ് ഇരുവര്‍ക്കുമെതിരേ ചുമത്തിയിരിക്കുന്നതെന്നും പോപ്പുലര്‍ ഫ്രണ്ട നേതാക്കള്‍ 2021 ഫെബ്രുവരിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
ഈ കേസില്‍ ഐപിസി സെക്ഷന്‍ 120-ബി, 121-എ, യുഎപിഎ സെക്ഷന്‍ 13, 16, 18, 20, Explosive Substances Act, Arms Act എന്നിവ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
പ്രതികള്‍ പിഎഫ്‌ഐയുടെ സജീവ പ്രവര്‍ത്തകരാണെന്നും ഹിന്ദു മതസംഘടനകള്‍ക്കെതിരെ പോരാടുന്നതിനുള്ള പരിശീലനം നല്‍കുകയും സംഘടനയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുകയുമാണ് ലക്ഷ്യമെന്ന് പ്രതികള്‍ മൊഴി നല്‍കിയതായും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.
Tags
Allahabad High Court, PFI, Popular Front of India, PFI Terror Case, UAPA, NIA Court, ATS, Uttar Pradesh, Lucknow, Ansad Badruddin, Firoz Khan, Terror Conspiracy, Terror Plot, Explosives, Arms Act, High Court, Indian Judiciary, Trial Delay,
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



