കോഴിക്കോട് : ഫലസ്തീൻ്റെ ചരിത്രവും പോരാട്ട പശ്ചാത്തലവും വിവരിക്കുന്ന ഡോ. മുഹ്സിൻ മുഹമ്മദ് സ്വാലിഹിൻ്റെ ‘ഫലസ്തീൻ പോരാട്ടങ്ങളുടെ ചരിത്രം’ പുസ്തകം പ്രകാശനം ചെയ്തു. എഴുത്തുകാരൻ പി കെ പാറക്കടവ്, മീഡിയവൺ മാനേജിങ് എഡിറ്റർ സി ദാവൂദിന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്.
|
ലോക ഘടനയുടെ മാറ്റത്തിലും അധിനിവേശത്തിലും ഇസ്റായേൽ നടത്തുന്ന ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത അതിക്രമങ്ങളാണ് പുതിയ കാലത്തെ മനുഷ്യർ നേരിടുന്ന വലിയ പ്രശ്നങ്ങളിലൊന്നെന്ന് പുസ്തകം സ്വീകരിച്ചു കൊണ്ട് സി ദാവൂദ് പറഞ്ഞു. ഇത്തരം പോരാട്ടങ്ങളുടെ പഴങ്കഥകളിൽ നിന്ന് മുക്തമായ ചരിത്ര പുസ്തകമാണ് പ്രകാശിതമായത്. ഇസ്‌ലാമിക ചരിത്രത്തിൻ്റെയും അറിവുകളുടെയും പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഈ പുസ്തകം കാലികമായ വായനക്കും ചർച്ചക്കും വിധേയമാക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ പി അഹമദ് ശരീഫ് അധ്യക്ഷത വഹിച്ചു. ഡോ. ഇസ്മാഈൽ മരിതേരി പുസ്തക പരിചയം നടത്തി. പി കെ നിയാസ്, എ കെ അബ്ദുൽ മജീദ്, പി എ എം. ഹാരിസ് എന്നിവർ സംസാരിച്ചു. അബ്ദുല്ലക്കോയ കണ്ണങ്കടവ് സ്വാഗതവും അഹമദ് മൂന്നാംകൈ നന്ദിയും പറഞ്ഞു.


