30
Oct 2024
Sat
30 Oct 2024 Sat
Haryana EVM tampering

ചണ്ഡിഗഢ്: ഹരിയാനയിലെ ബിജെപി വിജയത്തിന് പിന്നില്‍ ഇവിഎം ക്രമക്കേട് ആണെന്ന ആരോപണം ശക്തമാക്കി കോണ്‍ഗ്രസ്. (EVM fraud in 20 constituencies of Haryana; Congress filed a complaint with evidence) ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് വിശദമായ തെളിവുകള്‍ സഹിതം പരാതി നല്‍കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉചിതമായ നടപടി ഉണ്ടായില്ലെങ്കില്‍ നിയമനടപടിയിലേക്ക് നീങ്ങാനാണ് തീരുമാനം. 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നെന്നാണു പരാതിയില്‍ പറയുന്നത്.

മൂന്ന് ജില്ലകളിലാണ് വോട്ടിങ് മെഷീനില്‍ ക്രമക്കേട് നടന്നത്. വോട്ടെടുപ്പ് കഴിഞ്ഞിട്ടും ഇവിഎമ്മില്‍ 99 ശതമാനം ചാര്‍ജ് എങ്ങനെ വന്നുവെന്ന പ്രധാനമായ ചോദ്യമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടു വ്യക്തമായ തെളിവുകളും സമര്‍പ്പിച്ചിട്ടുണ്ട്.

ALSO READ: കൊച്ചിയിലെ കൂട്ട മൊബൈല്‍ മോഷണം; ഫോണുകള്‍ ഡല്‍ഹിയിലെ ‘ചോര്‍ ബസാറി’ല്‍; പോലീസ് പിന്നാലെ

ഫരീദാബാദ്, പാനിപത്ത്, നര്‍ലൗള്‍, കര്‍നാല്‍, ഇന്ദ്രി, പട്ടൗഡി തുടങ്ങിയ 20 മണ്ഡലങ്ങളുമായി ബന്ധപ്പെട്ടാണു പരാതി സമര്‍പ്പിച്ചിരിക്കുന്നത്. ഈ മണ്ഡലങ്ങളിലെ ക്രമക്കേട് ആരോപിക്കപ്പെടുന്ന ഇവിഎമ്മുകളില്‍ ബിജെപിക്കാണു കൂടുതല്‍ വോട്ട് ലഭിച്ചത്. നേരത്തെ, ഏഴ് മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചിരുന്നത്.

എന്നാല്‍, കോണ്‍ഗ്രസ് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉയര്‍ത്തുന്നതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ പ്രതികരിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജനറല്‍ സെക്രട്ടറി ജയറാം രമേശ് എന്നിവര്‍ അയച്ച കത്തുകളോട് പ്രതികരിച്ചായിരുന്നു വിമര്‍ശനം. ഇവിഎം ചാര്‍ജിങ്ങുമായി ബന്ധപ്പെട്ട് ഒരു പ്രശ്നവുമില്ല. ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെങ്കില്‍ പരിഹരിക്കുമെന്നും കമ്മീഷന്‍ അറിയിച്ചിരുന്നു.

ഹരിയാന തെരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കളായ കെ.സി വേണുഗോപാല്‍, ജയറാം രമേശ്, പവന്‍ ഖേഡ, അജയ് മാക്കന്‍ എന്നിവര്‍ നേരത്തേ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടിരുന്നു. വോട്ട് എണ്ണിയതിലടക്കം ക്രമക്കേട് നടന്നതായാണ് ആരോപണം. പരാതി ഉന്നയിക്കപ്പെട്ട വോട്ടിങ് മെഷീനുകള്‍ സീല്‍ ചെയ്യണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.

ഒക്ടോബര്‍ എട്ടിനാണ് ജമ്മു കശ്മീരിനൊപ്പം ഹരിയാന തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. 90 അംഗ നിയമസഭയില്‍ 48 സീറ്റുകള്‍ നേടി ബിജെപി വന്‍ വിജയം നേടിയിരുന്നു. 37 സീറ്റാണ് കോണ്‍ഗ്രസിനു ലഭിച്ചത്.

ഫലപ്രഖ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ് വന്‍ മുന്നേറ്റം കാഴ്ചവച്ച ശേഷമായിരുന്നു ബിജെപിയുടെ അപ്രതീക്ഷിത തിരിച്ചുവരവുണ്ടായത്. ആദ്യ മണിക്കൂറുകളില്‍ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷവും കടന്ന് മുന്നോട്ട് കുതിച്ചിരുന്നു. എന്നാല്‍, പൊടുന്നനെ ബിജെപി കുതിച്ചു കയറുകയാണുണ്ടായത്.