കൊച്ചി ഇടപ്പള്ളിയിലെ മാളിനു മുന്നിൽ നിർത്തിയിട്ടിരുന്ന നാലുലക്ഷം രൂപ വിലവരുന്ന റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ 650 ബൈക്ക് പട്ടാപ്പകൽ മോഷ്ടിച്ചുകൊണ്ടുപോയ രണ്ടു വിദ്യാർഥികൾ പിടിയിലായി. കൊല്ലം സ്വദേശി സാവിയോ ബാബു, കൊടുങ്ങല്ലൂർ സ്വദേശി ചാൾസ് മൈക്കിൾ എന്നിവരാണ് പിടിയിലായത്. ഇവരിൽ ഒരാൾ ബിടെക് വിദ്യാർഥിയും മറ്റെയാൾ കംപ്യൂട്ടർ കോഴ്സ് പഠിക്കുകയാണെന്നും പൊലീസ് പറയുന്നു.
|
മുഹമ്മദ് ഫായിസിന്റെ വാഹനമാണ് കളവ് പോയത്. ഈ മാസം 10ന് ഉച്ചകഴിഞ്ഞ് 2.30ഓടെ ഇടപ്പള്ളിയിലെ മാളിനു മുന്നിൽ ബൈക്ക് പാർക്ക് ചെയ്ത ശേഷം അകത്തേക്കു പോയ മുഹമ്മദ് ഫായിസ് വൈകീട്ട് നാലോടെ തിരികെ എത്തിയപ്പോഴാണ് വാഹനം കളവ് പോയെന്ന് തിരിച്ചറിയുന്നത്. ഉടൻ തന്നെ എളമക്കര പോലീസിനെ അറിയിക്കുകയും പോലീസ് മാളിലെയും സമീപസ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു മോഷണദൃശ്യങ്ങൾ വീണ്ടെടുക്കുകയും ചെയ്തു.
ഹാൻഡിൽ ലോക്ക് ചെയ്തിട്ടില്ലാതിരുന്ന ഇന്റർസെപ്റ്ററിൽ ഒരാൾ കയറിയിരിക്കുകയും ബുള്ളറ്റ് ബൈക്കിലിരുന്ന രണ്ടാമൻ ഈ വാഹനത്തിന്റെ പിന്നിൽ ചവിട്ടിപ്പിടിച്ച് മുന്നോട്ടുകൊണ്ടുപോവുകയുമായിരുന്നു. ആഡംബര ബൈക്ക് സ്റ്റാർട്ട് ചെയ്യാതെ മറ്റൊരു വാഹനത്തിലിരുന്ന തള്ളിക്കൊണ്ടുപോവുന്ന ദൃശ്യം കണ്ടവർ ഇത് മൊബൈൽ കാമറയിൽ പകർത്തിയിരുന്നു. അന്വേഷണത്തിൽ പോലീസിന് ഇതു സഹായകമായി.
മോഷണ ബൈക്ക് ചവിട്ടിക്കൊണ്ട് മറ്റൊരു യുവാവ് ഓടിക്കുന്ന ബുള്ളറ്റിന്റെ നമ്പർ ലഭിച്ച പോലീസ് ഇതിന്റെ ആർസി ഉടമയെ തിരഞ്ഞെങ്കിലും നമ്പർ വ്യാജമാണെന്ന് വ്യക്തമായി. ഇതിനിടെ കൊച്ചിയിലെ ഫ്ലാറ്റ് സമുച്ചയത്തിലേക്ക് ഇരുവാഹനങ്ങളും എത്തിക്കുന്ന ദൃശ്യവും പോലീസിനു ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൊല്ലം സ്വദേശിയാണ് ബൈക്ക് മോഷണത്തിന് പിന്നിലെന്ന് മനസിലായി. ഇതോടെ പോലീസും മുഹമ്മദ് ഫായിസും കൊല്ലത്തെത്തുകയും ബൈക്ക് കണ്ടെടുക്കുകയും മോഷ്ടാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ബൈക്കിൻറെ നമ്പർ പ്ലേറ്റ് മാറ്റി മറ്റൊരു നമ്പർ പ്ലേറ്റ് ഉപയോഗിച്ചാണ് കൊല്ലത്തേക്ക് കടത്തിയതെന്ന് ഇവർ വെളിപ്പെടുത്തി.
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക





