24
Oct 2024
Tue
24 Oct 2024 Tue
Thuneri Shibin murder case culprits sentenced for life term

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ തൂണേരി ഷിബിനെ വധിച്ച കേസിലെ പ്രതികളായ ആറ് മുസ് ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം കഠിനതടവ് വിധിച്ച് കോടതി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി പ്രസ്താവം. ഇസ്മയില്‍ , തെയ്യമ്പാടി മുനീര്‍, സിദ്ധീഖ്, മുഹമ്മദ് അനീസ്, ഷുഹൈബ്, ജസീം, അബ്ദുല്‍ സമദ് എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നാലാം പ്രതിക്ക് വൈദ്യസഹായം ഉറപ്പാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. പ്രതികള്‍ക്ക് ഓരോ ലക്ഷം രൂപ വീതം പിഴയും കോടതി ചുമത്തി. ഇതില്‍ 5 ലക്ഷം രൂപ കൊല്ലപ്പെട്ട ഷിബിന്റെ പിതാവിന് നല്‍കണമെന്നും ഹൈക്കോടതി വിധിച്ചു.

മതസ്പര്‍ദ്ദയാണ് കൊലപാതകത്തിന് കാരണമെന്നും പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും പ്രൊസിക്യൂഷന്‍ ഹൈക്കോടതിയില്‍ വാദിച്ചു. വിചാരണക്കോടതി വെറുതെവിട്ട എട്ടു പ്രതികള്‍ കുറ്റക്കാരെന്ന് ഹൈക്കോടതി കഴിഞ്ഞയാഴ്ച വിധിച്ചിരുന്നു. വിചാരണ കോടതി വെറുതെ വിട്ട ഏഴ് പ്രതികള്‍ കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു.

പ്രതികളെ അറസ്റ്റ് ചെയ്ത് ഹാജരാക്കാനും നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് വിദേശത്തായിരുന്ന പ്രതികള്‍ ഇന്ന് നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങിയത്. ഉടനെതന്നെ പോലീസ് ഇവരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. നാല് പ്രതികള്‍ ദോഹയില്‍ നിന്നും രണ്ട് പേര്‍ ദുബയില്‍ നിന്നുമാണ് എത്തിയത്.

കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെയും ഷിബിന്റെ മാതാപിതാക്കളുടേയും ഹരജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി വിചാരണാകോടതിവിധി തിരുത്തിയത്. ഹൈക്കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മൂന്നാം പ്രതി അസ്ലം നേരത്തേ കൊല്ലപ്പെട്ടിരുന്നു. വിചാരണാകോടതി വെറുതെവിട്ടതിനുശേഷമായിരുന്നു ഇത്.

2015 ജനുവരി 22-നാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ ഷിബിന്‍ കൊല്ലപ്പെട്ടത്. രാഷ്ട്രീവും വര്‍ഗീയവുമായ വിരോധത്താല്‍ ലീഗ് പ്രവര്‍ത്തകരായ പ്രതികള്‍ മാരകായുധങ്ങളുമായി ഷിബിന്‍ ഉള്‍പ്പെടെയുള്ള സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ചെന്നായിരുന്നു കേസ്. സംഭവത്തില്‍ ആറു പേര്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക