23
Oct 2024
Wed
23 Oct 2024 Wed
Ramesh Chennithala rejects P Sarins objection about Palakkad candidate

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയാക്കിയതിനെതിരേ പരസ്യമായി രംഗത്തുവന്ന കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ ഡോ. പി. സരിനെ തള്ളി മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല. എഐസിസിയാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതെന്നും ഇക്കാര്യം അംഗീകരിച്ച് മുന്നോട്ടുപോകണമെന്നും മറ്റഭിപ്രായങ്ങള്‍ക്ക് സ്ഥാനമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സരിനെതിരെ നടപടിയുണ്ടാവുമോ എന്നു പറയേണ്ടത് താനല്ലെന്നെന്നും ചെന്നിത്തല പറഞ്ഞു. സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് സരിന്‍ തന്നോടും വന്ന് സംസാരിച്ചതാണ്. അതുപോലെ രണ്ടുമൂന്നാളുകള്‍ സീറ്റിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. പക്ഷേ പാര്‍ട്ടി ഒരു തീരുമാനമെടുത്താല്‍ നമ്മള്‍ എല്ലാവരും ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കുക എന്നുള്ളതാണ് കോണ്‍ഗ്രസിന്റെ പൊതുസമീപനം. എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നാണ് തന്റെ അഭ്യര്‍ഥനയെന്നും ചെന്നിത്തല പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയാക്കിയത് പുനപ്പരിശോധിക്കണമെന്നും ഈ നിലപാടുമായി മുന്നോട്ടുപോയാല്‍ ഹരിയാനയിലെ ഗതി വന്നുചേരുമെന്നും സരിന്‍ ഇന്ന് പറഞ്ഞിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേക്കും രാഹുല്‍ ഗാന്ധിക്കും ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തയച്ചതായും സരിന്‍ വ്യക്തമാക്കിയിരുന്നു.
സ്ഥാനാര്‍ഥിയായി സരിനും പരിഗണിക്കപ്പെട്ടിരുന്നു. എന്നാല്‍ അവസാനനിമിഷം രാഹുല്‍ മാങ്കൂട്ടത്തിലിനെ തിരഞ്ഞെടുക്കുകയായിരുന്നു. ഇതാണ് സരിനെ പ്രകോപിപ്പിച്ചത്. അതേസമയം സരിനെ ഇടത് സ്വതന്ത്രനായി മല്‍സരിപ്പിക്കാനുള്ള നീക്കം എല്‍ഡിഎഫ് നടത്തുന്നുണ്ട്.

READ ALSO: പാലക്കാട്ടെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; ബിജെപിക്ക് ഗുണം ചെയ്യുമോ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക