05
Oct 2024
Wed
05 Oct 2024 Wed
Sarin against congress decision to contest Rahul from Palakkad

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ കോണ്‍ഗ്രസില്‍ ഭിന്നത. സ്ഥാനാര്‍ഥി പട്ടികയിലവസാന സമയം വരെ പരിഗണനയിലുണ്ടായിരുന്ന പി സരിന്‍ രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരേ പരസ്യമായി രംഗത്തുവന്നത് കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരിക്കുകയാണ്.
രാഹുലിനെ സ്ഥാനാര്‍ഥിയായി തീരുമാനിച്ചത് എങ്ങനെയാണെന്ന് പി സരിന്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. തോന്ന്യവാസമാണ് നേതൃത്വം കാണിക്കുന്നതെന്നും സരിന്‍ കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ തെറ്റുപറ്റിയെങ്കില്‍ തിരുത്തണമെന്നും അതിന് ഇനിയും സമയമുണ്ടെന്നും പറഞ്ഞ സരിന്‍ ഇല്ലെങ്കില്‍ തോല്‍ക്കുക രാഹുല്‍ മാങ്കൂട്ടമല്ല രാഹുല്‍ ഗാന്ധിയാണെന്നും ചൂണ്ടിക്കാട്ടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ തിരിച്ചടി നേരിടുമെന്നും കോണ്‍ഗ്രസിന് ഹരിയാനയിലെ അനുഭവം ഉണ്ടാകുമെന്നും സരിന്‍ പറഞ്ഞു. പാലക്കാട്ടെ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും രാഹുല്‍ ഗാന്ധിക്കും കത്തയച്ചുവെന്നും സരിന്‍ വെളിപ്പെടുത്തി.

പാലക്കാട് എംഎല്‍എ ആയിരുന്ന ഷാഫി പറമ്പില്‍ വടകരയില്‍ നിന്ന് ലോക്‌സഭയിലേക്ക് ജയിച്ചതിനെ തുടര്‍ന്നാണ് പാലക്കാട്ട് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. കഴിഞ്ഞതവണ ഇവിടെ രണ്ടാം സ്ഥാനത്തെത്തിയത് ബിജെപിയുടെ ഇ ശ്രീധരന്‍ ആയിരുന്നു. ഷാഫി പറമ്പില്‍ 54079 വോട്ടുകള്‍ നേടിയപ്പോള്‍ ഇ ശ്രീധരന്‍ 50220 വോട്ടുകളാണ് നേടിയത്. സിപിഐഎമ്മിന്റെ സി പി പ്രമോദിന് 36433 വോട്ടുകള്‍ മാത്രമാണ് നേടാനായത്. കോണ്‍ഗ്രസിലെ ഭിന്നത ഇതിനാല്‍ തന്നെ ബിജെപിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തുന്നത്.

എല്‍ഡിഎഫ് ഇനിയും പാലക്കാട്ടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഇതിനിടെ പി സരിനെ ഇടതുപിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയായി പാലക്കാട്ട് മല്‍സരിപ്പിക്കാനുള്ള ശ്രമം നടക്കുന്നുവെന്ന റിപോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ബിജെപിക്കും സ്ഥാനാര്ഥിയെ തീരുമാനിക്കാനായില്ല. ശോഭാ സുരേന്ദ്രന്, സി കൃഷ്ണകുമാര് എന്നിവരാണ് പാലക്കാട്ടെ സ്ഥാനാര്ഥി സാധ്യതാ പട്ടികയിലുള്ളത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക