24
Oct 2024
Sat
24 Oct 2024 Sat
Supreme court NIA

ന്യൂഡല്‍ഹി: 2022ല്‍ ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ വധിച്ചകേസില്‍ പ്രതികളായ 17 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിച്ച കേരള ഹൈക്കോടതി വിധിക്കെതിരേ എന്‍ഐഎ സുപ്രീം കോടതിയെ സമീപിച്ചു.(NIA Moves SC Challenging Bail Granted To 17 PFI Members)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജസ്റ്റിസുമാരായ എ.എസ്. ഓക, അഗസ്റ്റിന്‍ ജോര്‍ജ് മാസിഹ് എന്നിവരുടെ ബെഞ്ചിനു മുന്‍പാകെ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭട്ടി 17 വ്യത്യസ്ത അപ്പീലുകളാണു പ്രതികള്‍ക്കെതിരേ സമര്‍പ്പിച്ചത്. കഴിഞ്ഞ ജൂണ്‍ 25നാണ് 17 പ്രതികള്‍ക്കു ജാമ്യം ലഭിച്ചത്. ഒമ്പതു പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയും ചെയ്തിരുന്നു.

17 പ്രത്യേകാനുമതി ഹരജികളാണു നല്‍കിയതെന്നും കോടതി ഇവ ഒരുമിച്ചു പരിഗണിക്കണമെന്നും ഐശ്വര്യ ഭട്ടി ആവശ്യപ്പെട്ടു. ഹൈക്കോടതി ജാമ്യം നിരസിച്ച പ്രതി എം.കെ. സദ്ദാം ഹുസൈന്റെ ഹരജി പരിഗണിക്കുകയായിരുന്ന കോടതി ഇക്കാര്യം അംഗീകരിച്ച് മുഴുവന്‍ ഹരജികളും ഒരുമിച്ചു പരിഗണിക്കുന്നതിന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ അനുമതി തേടാന്‍ രജിസ്ട്രിക്കു നിര്‍ദേശം നല്‍കി.

ഉപാധികളോടെയാണ് 17 പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം നല്‍കിയത്. ഒരു മൊബൈല്‍ നമ്പര്‍ മാത്രമേ ഉപയോഗിക്കാവൂ, ഇതിന്റെ വിവരങ്ങള്‍ പൊലീസിനു നല്‍കണം, ജിപിഎസ് ലൊക്കേഷന്‍ വിവരങ്ങള്‍ മുഴുവന്‍ സമയവും അന്വേഷണ ഉദ്യോഗസ്ഥനു ലഭ്യമായിരിക്കണം, കേരളം വിട്ടുപോകരുത്, പാസ്‌പോര്‍ട്ട് പൊലീസിനു സമര്‍പ്പിക്കണം, മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യരുത് തുടങ്ങിയ ഉപാധികളോടെയായിരുന്നു പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്.

ജാമ്യം അനുവദിക്കപ്പെട്ട എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി കെ ഉസ്മാന്‍, ഡോ. സി ടി സുലൈമാന്‍, അഡ്വ. മുബാറക്, എം എച്ച് ഷിഹാസ്, മുജീബ് ഈരാറ്റുപേട്ട, സാദിഖ് പത്തനംതിട്ട, നജ്മുദ്ദീന്‍ മുണ്ടക്കയം, സൈനുദ്ദീന്‍ കാഞ്ഞിരപ്പള്ളി, അലി, അബ്ദുല്‍ കബീര്‍, റിസ്‌വാന്‍, സാദിഖ്, നിഷാദ്, റഷീദ്, സയ്ദ് അലി, അക്ബര്‍ അലി, അഷ്ഫാഖ് എന്നിവര്‍ ജയില്‍ മോചിതരായിരുന്നു.

രണ്ടു വര്‍ഷം മുമ്പ് പോപുലര്‍ ഫ്രണ്ട് നിരോധനത്തോടനുബന്ധിച്ചാണ് യുഎപിഎ കേസില്‍ എന്‍ഐഎ ഇവരെ അറസ്റ്റ് ചെയ്തത്. പാലക്കാട് ശ്രീനിവാസന്‍ വധത്തിലെ ഗൂഢാലോചന ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ പിന്നീട് ഇവരുടെ മേല്‍ ചുമത്തുകയായിരുന്നു.

പ്രതികള്‍ വിചാരണക്കോടതിയില്‍ ഹാജരാകണമെന്നും കൂടുതല്‍ നിബന്ധനകള്‍ അവിടെ നിന്നു ലഭിക്കുമെന്നും ഹൈക്കോടതി അറിയിച്ചിരുന്നു.

2022 ഏപ്രില്‍ 16നാണ് പാലക്കാട്ടെ ആര്‍എസ്എസ് നേതാവായിരുന്ന ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. തുടക്കത്തില്‍ 51 പേരെയാണ് പ്രതിപ്പട്ടികയില്‍ ചേര്‍ത്തത്. അറസ്റ്റിലായവരില്‍ ഒരാള്‍ മരിച്ചു. ഏഴു പേര്‍ ഒളിവിലാണ്. 2022 ജൂലൈയിലും ഡിസംബറിലുമായി പ്രതികള്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

പോപുലര്‍ ഫ്രണ്ട് സംസ്ഥാന നേതാക്കളായ കരമന അഷ്‌റഫ് മൗലവി, മുഹമ്മദലി, യഹ്യ തങ്ങള്‍, മുഹമ്മദ് റഊഫ്, അബ്ദുല്‍ സത്താര്‍, സദ്ദാം ഹുസൈന്‍, അഷ്‌റഫ് നൗഷാദ്, അന്‍സാരി ഈരാറ്റുപേട്ട എന്നിവരുടെ ജാമ്യാപേക്ഷയാണ് നേരത്തേ ഹൈക്കോടതി നിരസിച്ചത്.