25
Jun 2026
Wed
25 Jun 2026 Wed
BTS's Jungkook

സൗള്‍: വിനോദ വ്യവസായ മേഖലയിലെ പ്രമുഖരുടെ സ്വകാര്യതയും സുരക്ഷയും വീണ്ടും ചര്‍ച്ചയാക്കിക്കൊണ്ട് പ്രമുഖ കൊറിയന്‍ പോപ്പ് (K-pop) ബാന്‍ഡ് ആയ ബിടിഎസ് (BTS) അംഗം ജങ് കുക്കിനെ (Jungkook) നിരന്തരം പിന്തുടര്‍ന്ന് ശല്യം ചെയ്ത (Stalking) ബ്രസീലിയന്‍ യുവതിക്ക് ദക്ഷിണ കൊറിയന്‍ കോടതി ശിക്ഷ വിധിച്ചു. ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ച് താരത്തിന്റെ വീട്ടിലെത്തിയ യുവതിയെ രാജ്യത്തുനിന്ന് നാടുകടത്താനുള്ള നടപടികള്‍ അധികൃതര്‍ ആരംഭിച്ചതായാണ് വിവരം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രണ്ട് മാസത്തിനിടെ ഇരുപത്തിരണ്ടോളം തവണയാണ് ഈ യുവതി ജങ് കുക്കിന്റെ വീടിന് മുന്നിലെത്തിയത്. കോടതി ഇവരെ ഒരു വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചെങ്കിലും, രണ്ട് വര്‍ഷത്തേക്ക് ശിക്ഷ താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. വിധിക്കെതിരെയുള്ള അപ്പീല്‍ പരാജയപ്പെട്ടാല്‍ ഇവരെ ദക്ഷിണ കൊറിയയില്‍ നിന്നും ഉടനടി നാടുകടത്തും.

ഭ്രാന്തമായ ആരാധന

ബിബിസി റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് യുവതി ആദ്യമായി ജങ് കുക്കിന്റെ സൗളിലെ വസതിക്ക് മുന്നിലെത്തുന്നത്. അവിടെ കാത്തുനില്‍ക്കുകയും വീട്ടുപറമ്പിലേക്ക് സാധനങ്ങള്‍ എറിയുകയും കത്തുകളും ചിത്രങ്ങളും ഉപേക്ഷിക്കുകയും ചെയ്തു. ‘സ്‌നേഹം കൊണ്ടാണ്’ താന്‍ ഇതൊക്കെ ചെയ്തതെന്നാണ് യുവതിയുടെ വാദം.

ALSO READ: 13 വര്‍ഷത്തിന് ശേഷം മകള്‍ കാനഡയില്‍ ജീവനോടെ; പ്രവാസിക്ക് രണ്ടാമത്തെ കൊലപാതകക്കേസിലും ക്ലീന്‍ ചിറ്റ്

ഒരുതവണ ഇവര്‍ ജങ് കുക്കിന്റെ വീടിന്റെ കോളിംഗ് ബെല്ലില്‍ തുടര്‍ച്ചയായി 133 തവണയാണ് വിരലമര്‍ത്തിയത്. ഇത് വെറുമൊരു ആരാധനയല്ലെന്നും കടുത്ത മാനസിക അഭിനിവേശത്തിന്റെ (Extreme obsession) ഭാഗമാണെന്നും കോടതി നിരീക്ഷിച്ചു. ഡിസംബര്‍ 13-ന് ഒരു ഫുഡ് ഡെലിവറി ജീവനക്കാരനെ പിന്തുടര്‍ന്ന് ഇവര്‍ വീടിന്റെ സൈഡ് ഗേറ്റിലൂടെ അകത്തുകടക്കുകയായിരുന്നു. അന്ന് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് മുന്നറിയിപ്പ് നല്‍കി വിട്ടയച്ചെങ്കിലും ശല്യം തുടരുകയാണുണ്ടായത്.

തുടര്‍ന്ന് ജങ് കുക്കിന്റെ വീടിന്റെ 100 മീറ്റര്‍ പരിധിയില്‍ പ്രവേശിക്കരുതെന്ന് പോലീസ് അടിയന്തര ഉത്തരവ് പുറപ്പെടുവിച്ചു. എന്നിട്ടും യുവതി വീണ്ടും എത്തിയതോടെയാണ് ഫെബ്രുവരിയില്‍ കേസ് പ്രൊസിക്യൂഷന് കൈമാറിയത്. കോടതിയില്‍ യുവതി കുറ്റം സമ്മതിച്ചതും, ഇനി ഇത് ആവര്‍ത്തിക്കാന്‍ സാധ്യതയില്ലെന്ന വിലയിരുത്തലും കണക്കിലെടുത്താണ് ജഡ്ജി കടുത്ത ശിക്ഷാനടപടികളില്‍ ഇളവ് നല്‍കിയത്.

ബിടിഎസ് താരം ജങ് കുക്കിന് നേരെ ഉണ്ടാകുന്ന ആദ്യത്തെ സംഭവമല്ലിത്. സൈനിക സേവനം പൂര്‍ത്തിയാക്കി താരം മടങ്ങിയെത്തിയതിന് തൊട്ടുപിന്നാലെ, കഴിഞ്ഞ വര്‍ഷം മറ്റൊരു ആരാധകന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചതും വലിയ വാര്‍ത്തയായിരുന്നു.

Stalker Of BTS’ Jungkook Faces Deportation