|
കോഴിക്കോട്: ഇനി മുതല്‍ ലോകത്തിന്റെ ഏത് കോണില്‍ നിന്നും സംസ്ഥാനത്തെ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് കമ്മീഷനില്‍ ഞൊടിയിടയില്‍ പരാതി സമര്‍പ്പിക്കാനാകും. ന്യൂനപക്ഷ കമ്മീഷന്‍ വാട്‌സ് ആപ്പിലൂടെ പരാതി സ്വീകരിക്കുന്നതിനുള്ള സംവിധാനത്തിന് കേരളപ്പിറവി ദിനമായ ഇന്നലെ തുടക്കം കുറിച്ചു. കേരള ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ. രേണുരാജ് വാട്‌സ് ആപ്പിലൂടെ ആദ്യ പരാതി സ്വീകരിച്ചു. 9746515133 എന്ന വാട്‌സ് ആപ് നമ്പറിലാണ് പരാതികള്‍ സമര്‍പ്പിക്കേണ്ടത്.
നമ്മുടെ രാജ്യത്ത് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ തന്നെ വ്യത്യസ്ത ജനവിഭാഗങ്ങള്‍ക്ക് അനുവദിച്ച് നല്‍കിയ അവകാശങ്ങളും നീതിയും ഉറപ്പുവരുത്തിയിട്ടുണ്ടെന്നും സംസ്ഥാനത്തെ മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, ജൈന, പാഴ്‌സി, സിഖ് വിഭാഗങ്ങളിലെ ജനങ്ങള്‍ക്ക് അനുവദിച്ച് നല്‍കിയ നീതി നടപ്പാക്കാന്‍ ന്യൂനപക്ഷ കമ്മീഷന്‍ നടത്തുന്ന വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും ഡോ. രേണുരാജ് പറഞ്ഞു.
തൈക്കാട് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ റഷീദ് അധ്യക്ഷത വഹിച്ചു. കമ്മീഷന്‍ പ്രവര്‍ത്തനം ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ് വാട്‌സ് ആപ്പ് മുഖേന പരാതി നല്‍കാനുള്ള സംവിധാനം ഒരുക്കിയിട്ടുള്ളതെന്നും സംസ്ഥാനത്തെ 46 ശതമാനം വരുന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സാമ്പത്തിക ചെലവില്ലാതെ പരാതി നല്‍കുന്നതിനും, പരാതി പരിശോധിച്ച് റിപ്പോര്‍ട്ടുകള്‍ സ്വീകരിച്ച് ആവശ്യമായ തെളിവുകള്‍ ശേഖരിച്ച് ഉത്തരവ് നല്‍കുന്നതിനും വാട്‌സ് ആപ് സംവിധാനം നിലവില്‍ വന്നതോടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Kerala State Minority Commission started accepting complaints through WhatsApp


