|
തിരുവനന്തപുരം: പുതിയ വൈദ്യുതി കണക്ഷനെടുക്കാൻ ഓഫിസിൽ പോകേണ്ട എന്നതുൾപ്പെടെ വമ്പൻ മാറ്റങ്ങളുമായി കേരള ഇലക്ട്രിസിറ്റി ബോർഡ് (KSEB). ഇതുപ്രകാരം ഇനിമുതൽ പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഡിസംബർ ഒന്ന് മുതൽ ഓൺലൈനിൽ മാത്രമാകും. സേവനങ്ങളിൽ കാലതാമസമുണ്ടാകുന്നു എന്ന ഉപഭോക്താക്കളുടെ വ്യാപകമായ പരാതി പരിഗണിച്ചാണ് അപേക്ഷകൾ പൂർണ്ണമായും ഓൺലൈനാക്കാൻ തീരുമാനിച്ചതെന്ന് കെഎസ്ഇബി അറിയിച്ചു.
പുതിയ കണക്ഷനും മറ്റ് സേവനങ്ങൾക്കുമുള്ള ആപ്ലിക്കേഷനുകൾ അടുത്ത മാസം ഒന്ന് മുതൽ ഓൺലൈനായി മാത്രമായിരിക്കും സ്വീകരിക്കുക. ഒതുവരെ നിലവിൽ ഉണ്ടായിരുന്ന സെക്ഷൻ ഓഫീസിൽ നേരിട്ടുള്ള പേപ്പർ അപേക്ഷകൾ പൂർണ്ണമായും ഇല്ലാതാക്കും. ‘ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം സേവനം’ എന്ന നിലയിൽ അപേക്ഷകൾ പരിഗണിക്കുന്നു എന്ന് ഉറപ്പാക്കും.
അപേക്ഷാ ഫോം കെഎസ്ഇബിയുടെ ഉപഭോക്തൃ സേവന വെബ് സൈറ്റായ
https://wss.kseb.in/selfservices/
ൽ മലയാളത്തിലും ഇംഗ്ലീഷിലും ലഭ്യമാക്കും. ആവശ്യമായ ഫീസടച്ച് രണ്ട് പ്രവൃത്തി ദിവസത്തിനുള്ളിൽ എസ്റ്റിമേറ്റെടുക്കും. എസ്റ്റിമേറ്റിന് അനുസരിച്ചുള്ള പണമടച്ചാൽ ഉടൻ സീനിയോറിറ്റി നമ്പരും സേവനം ലഭ്യമാകുന്ന സമയവും SMS/വാട്സാപ് സന്ദേശമായി ഉപഭോക്താവിൻ്റെ ഫോണിൽ ലഭിക്കും. അപേക്ഷയുടെ പുരോഗതി ഓൺലൈനായി ട്രാക്ക് ചെയ്യാനും സൗകര്യം ഉണ്ട്.
വിതരണ വിഭാഗം ഡയറക്ടര്‍ക്കുകീഴില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കസ്റ്റമര്‍ കെയര്‍ സെന്റര്‍ പൈലറ്റ് പദ്ധതിയായി സ്ഥാപിക്കും. ഐടി വിഭാഗത്തിന് കീഴിലായിരുന്ന 1912 കോള്‍ സെന്റര്‍ ഇനി കസ്റ്റമര്‍ കെയര്‍ നമ്പറാക്കി മാറ്റും.





