25
Nov 2024
Sun
25 Nov 2024 Sun
GIO dakshina Kerala Conference

തിരുവനന്തപുരം: സിപിഐഎമ്മിന്റെ ജമാഅത്ത് പരാമര്‍ശത്തിനെതിരെ മറുപടി പറഞ്ഞ് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ പി. മുജീബുറഹ്‌മാന്‍. ബിജെപിക്കെതിരേ ജമാഅത്തെ ഇസ് ലാമി പ്രവര്‍ത്തിക്കുന്നത് സിപിഐഎമ്മിന് അസ്വസ്ഥത ഉണ്ടാകുന്നു. കേരളത്തില്‍ കഴിഞ്ഞ കാലങ്ങളില്‍ പല തവണ ജമാഅത്തെ ഇസ് ലാമി ഇടതുപക്ഷത്തെ പിന്തുണച്ചിരുന്നു. അപ്പോഴൊന്നും ഇല്ലാത്ത വര്‍ഗീയത സിപിഐഎം ഇപ്പോള്‍ ഉയര്‍ത്തുന്നതിന് പിന്നിലെ കുടില തന്ത്രം പ്രബുദ്ധ കേരളം തിരിച്ചറിയുകതന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ കേരളയുടെ (ജിഐഒ) നാല്‍പതാം വാര്‍ഷികത്തിന്റെ ഭാഗമായി തിരുവനന്തപുരം പുത്തരിക്കണ്ടത്ത് നടത്തിയ ദക്ഷിണ കേരള സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘപരിവാരവും ഇടതുപക്ഷ കക്ഷികളും നടത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ അപരവല്‍കരണത്തിന്റെ ഇരകള്‍ മുസ്ലിം സമൂഹമാണ്. ഈ അപരവല്‍കരണത്തെ നമ്മള്‍ നേരിടണം. മുസ്ലിം സമുദായത്തിന്റെ ആദര്‍ശത്തെയും വ്യക്തിത്വത്തെയും മറച്ചുവച്ചുകൊണ്ട് വളര്‍ത്താന്‍ ആരും വരേണ്ടതില്ല. ആത്മാഭിമാനമുള്ള പെണ്‍തലമുറയെ വളര്‍ത്തിക്കൊണ്ടുവരുകയാണ് ജിഐഒ എന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാം എന്നാല്‍ ഒരു ആചാരമോ അനുഷ്ഠാനമോ അല്ല, ജീവിതത്തിന്റെ വഴികാട്ടിയാണ്. തട്ടമിട്ടതും തട്ടമിടാത്തതുമായ പെണ്‍കുട്ടികള്‍ക്ക് ഈ രാജ്യത്ത് നിര്‍ഭയത്തോടെ ഇടപഴകാനുള്ള സ്വാതന്ത്ര്യമുണ്ട്, സ്ത്രീകളുടെ അവകാശപോരാട്ടങ്ങള്‍ക്ക് വേണ്ടി ജിഐഒ നടത്തുന്ന അവകാശപോരാട്ടങ്ങള്‍ സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തില്‍ ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഡ്വ. തമന്ന സുല്‍ത്താന അധ്യക്ഷത വഹിച്ചു.

സമ്മേളനത്തില്‍ അഡ്വ. ഹാരിസ് ബീരാന്‍ എം.പി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ഫ്രണ്ട്‌സ് ഓഫ് അല്‍ അഖ്സ സ്ഥാപകന്‍ ഡോ. ഇസ്മായില്‍ പട്ടേല്‍, ജമാഅത്തെ ഇസ്ലാമി ഹിന്ദ് ദേശീയ സെക്രട്ടറി എ. റഹ്‌മത്തുന്നിസ, നാഷണല്‍ ഫെഡറേഷന്‍ ഓഫ് യൂത്ത് മൂവ്‌മെന്റ് ചെയര്‍മാന്‍ സി. ടി. സുഹൈബ്, നാഷണല്‍ ഫെഡറേഷന്‍ ഓഫ് ജി.ഐ.ഒ ജനറല്‍ സെക്രട്ടറി സമര്‍ അലി, ജമാഅത്തെ ഇസ്ലാമി കേരള വനിതാ വിഭാഗം പ്രസിഡന്റ് സാജിത പി. ടി. പി, സ്റ്റുഡന്റ്‌സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ. റഹ്‌മാന്‍ ഇരിക്കൂര്‍, ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ കേരള ജനറല്‍ സെക്രട്ടറി സുഹാന അബ്ദുല്‍ ലത്തീഫ്, ജമാഅത്തെ ഇസ് ലാമി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ് അമീന്‍, ജമാഅത്തെ ഇസ് ലാമി വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് ഡോ. സി എം നസീമ, ദക്ഷിണ കേരള സമ്മേളന ജനറല്‍ കണ്‍വീനര്‍ ആനിസ മുഹ്യിദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.