പേപ്പര്‍ ബാലറ്റ് വോട്ടിങ് സംവിധാനം തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ടുള്ള ഹരജി സുപ്രിംകോടതി തള്ളി. ജസ്റ്റിസുമാരായ വിക്രം നാഥും പ്രസന്ന ബി വരേലയും അംഗമായ ബെഞ്ചാണ് ഹരജി തള്ളിയത്. ഗൗരവതരമായ വിഷയമാണെന്ന് ഹരജിക്കാരനായ ഡോ. കെ എ പോള്‍ സുപ്രിംകോടതിയില്‍ നേരിട്ട് ഹാജരായി വാദിച്ചു. ചന്ദ്രബാബു നായിഡുവും വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയും അടക്കമുള്ള നേതാക്കള്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഉപയോഗത്തെ ചോദ്യംചെയ്തിട്ടുള്ള കാര്യവും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി.
|
എന്നാല്‍ ചന്ദ്രബാബു നായിഡുവോ അല്ലെങ്കില്‍ ജഗന്‍മോഹന്‍ റെഡ്ഡിയോ തോല്‍ക്കുമ്പോള്‍ മാത്രമാണ് ഇവിഎമ്മില്‍ കൃത്രിമം ആരോപിക്കുന്നതെന്നും അവര്‍ ജയിക്കുമ്പോള്‍ മിണ്ടാട്ടമില്ലെന്നും പറഞ്ഞ ബെഞ്ച് ഇക്കാര്യത്തില്‍ ഹരജിക്കാരന് എന്താണ് പറയാനുള്ളതെന്നും ആരാഞ്ഞു. ഇവിഎമ്മില്‍ ക്രമക്കേട് നടത്താനാവുമെന്ന് ഹരജിക്കാരന്‍ കോടതിയില്‍ ആവര്‍ത്തിച്ചു.
നിരവധി വിദേശരാജ്യങ്ങളില്‍ പേപ്പര്‍ ബാലറ്റുകളാണ് ഉപയോഗിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയ ഹരജിക്കാരന്‍ പേപ്പര്‍ ബാലറ്റ് ഉപയോഗിക്കുന്ന അമേരിക്കയെ ഇന്ത്യയും പിന്തുടരണമെന്നും ആവശ്യപ്പെട്ടു. ഇതോടെ എന്തിന് നാം മറ്റു രാജ്യങ്ങളെ പിന്തുടരണമെന്ന മറുചോദ്യം ബെഞ്ച് ഉന്നയിച്ചു. ഇലോണ്‍ മസ്‌ക് പോലും ഇവിഎം ക്രമക്കേടില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണെന്നും ഇവിഎം ജനാധിപത്യത്തിന് ഭീഷണിയാണെന്നും ഹരജിക്കാരന്‍ വാദിച്ചു. എന്നാല്‍ കോടതി ഹരജി തള്ളുകയായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





