25
Dec 2024
Sun
25 Dec 2024 Sun

വീട്ടിലെ കിണര്‍വെള്ളം ശുദ്ധമാണോ എന്ന് ഇനി സ്‌കൂള്‍ ലാബിലും പരിശോധിക്കാം. കേരള പുനര്‍നിര്‍മ്മാണ പദ്ധതിയുടെ സഹായത്തോടെ ഹരിതകേരളം മിഷന്‍ എറണാകുളം ജില്ലയിലെ കരുമാലൂര്‍ ഗ്രാമപഞ്ചായത്തിലെ FMCT ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്ഥാപിച്ച ജല ഗുണനിലവാര പരിശോധനാ ലാബില്‍ ആണ് സൗകര്യമുള്ളത്. പൊതുജനങ്ങള്‍ക്കു തങ്ങളുടെ കിണര്‍ വെള്ളത്തിന്റെ സാമ്പിള്‍ സ്‌കൂളുകളിലെ ലാബുകളില്‍ നേരിട്ടെത്തിച്ചു ഗുണനിലവാര പരിശോധന നടത്താം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലാബിന്റെ ഉദ്ഘാടനം കരുമാലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. അലക്‌സ് കരീമാടം അധ്യക്ഷനായ ചടങ്ങില്‍ ഹരിതകേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ ടി എസ് ദീപു മുഖ്യപ്രഭാഷണം നടത്തി.

ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ കെമിസ്ട്രി ലാബുകള്‍ പ്രയോജനപ്പെടുത്തി ഹരിതകേരളം മിഷന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണു പദ്ധതി നടപ്പാക്കുന്നത്. ജലത്തിന്റെ നിറം, ഗന്ധം, പി.എച്ച് മൂല്യം, വൈദ്യുതി ചാലകത, ലവണ സാന്നിദ്ധ്യം, ലയിച്ചു ചേര്‍ന്നിട്ടുള്ള ഖരപദാര്‍ത്ഥങ്ങളുടെ അളവ്, നൈട്രേറ്റിന്റെ അളവ്, അമോണിയയുടെ അളവ്, കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം എന്നിവയാണ് ലാബുകളില്‍ പ്രധാനമായും പരിശോധിക്കുന്നത്. സ്‌കൂളിലെ കെമിസ്ട്രി അധ്യാപകരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്.

പ്രാദേശികമായി ലാബുകള്‍ സ്ഥാപിക്കുന്നതോടെ കുടിവെള്ള പരിശോധന വ്യാപകമാക്കാനും ജല ഗുണനിലവാരം ഉറപ്പാക്കാനും കഴിയും.

Is well water clean? Now it will be tested in school labs