കൊല്ലം: നടി അനുശ്രീ ഉപയോഗിച്ചിരുന്ന കാര്‍ മോഷ്ടിച്ച പ്രതിയെ കൊട്ടാരക്കര പോലീസ് അറസ്റ്റ്‌ചെയ്തു. നെടുമങ്ങാട് തെന്നൂര്‍ നരിക്കല്‍ പ്രബിന്‍ ഭവനില്‍ പ്രബിന്‍ (29) ആണ് പിടിയിലായത്. ചോദ്യം ചെയ്യലില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇയാള്‍ നടത്തിയ വാഹനമോഷണങ്ങളുടെ വിവരങ്ങള്‍ പുറത്തുവന്നു. ഒട്ടേറെ ഇടങ്ങളില്‍ സമാനമായി ഇയാള്‍ വാഹനമോഷണം നടത്തിയതായി തുടര്‍ന്ന് അവ വില്‍പ്പനനടത്തിയതായും പോലീസ് പറഞ്ഞു. 2023ല്‍ കല്ലമ്പലത്ത് കാര്‍ മോഷ്ടിച്ചതിന് അറസ്റ്റിലായ പ്രബിന്‍ കഴിഞ്ഞ ജൂലൈയിലാണ് ജയിലില്‍നിന്നു പുറത്തിറങ്ങിയത്. തുടര്‍ന്ന് വീണ്ടും വാഹനമോഷണത്തിലേക്ക് തിരിയുകയായിരുന്നു.
|
ശനിയാഴ്ച രാത്രി 12നാണ് ഇഞ്ചക്കാട് പേ ആന്‍ഡ് പാര്‍ക്കില്‍നിന്ന് അനുശ്രീയുടെ കാര്‍ മോഷണം പോയത്. കടയ്ക്കലില്‍ വര്‍ക്ക്‌ഷോപ്പിനു മുന്നില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍നിന്ന് ഇളക്കിയ നമ്പര്‍ പ്ലേറ്റ്, മോഷ്ടിച്ച കാറില്‍ സ്ഥാപിച്ചാണ് കാറുമായി മുങ്ങിയത്. തിരുവനന്തപുരം വെള്ളറട ഭാഗത്തെത്തിയ പ്രതി ഇവിടെ റബ്ബര്‍ വ്യാപാരസ്ഥാപനത്തില്‍നിന്ന് 500 കിലോയിലധികം റബ്ബറും ഏഴായിരം രൂപയും കവരുകയുംചെയ്തു.
വഴിയരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ലോറികളില്‍നിന്നോ മറ്റു വാഹനങ്ങളില്‍നിന്നോ ഇന്ധനം ഊറ്റി, മോഷ്ടിച്ച വാഹനത്തില്‍ ഉപയോഗിക്കുന്നതാണ് ഇയാളുടെ രീതി. മോഷണസ്ഥലത്തെ സി.സി.ടി.വി ക്യാമറകള്‍ നേരത്തേ കണ്ടുവച്ചു നശിപ്പിക്കും. ഹാര്‍ഡ് ഡിസ്‌കുകള്‍ പുഴയിലോ തോട്ടിലോ എറിയുകയും ചെയ്യും. മറ്റു വാഹനങ്ങളുടെ നമ്പര്‍പ്ലേറ്റ് ഇളക്കി മോഷ്ടിച്ച വാഹനത്തില്‍ സ്ഥാപിക്കുന്നതിനാല്‍ പെട്ടെന്നു കണ്ടെത്താനും കഴിയില്ല. മോഷ്ടിച്ച വാഹനങ്ങള്‍ ഉപയോഗിച്ച് കവര്‍ച്ച നടത്തിയശേഷം അവ ഉപേക്ഷിക്കും. ഇഞ്ചക്കാട് വാഹനം മോഷ്ടിച്ച സ്ഥാപനത്തിനു സമീപമുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതിയിലേക്ക് എത്തിയത്.
Suspect arrested for stealing actress Anusree’s car


