ലുലു ഗ്രൂപ്പിന്റെ കേരളത്തിലെ അഞ്ചാമത്തെ ഷോപ്പിങ് മാള്‍ കോട്ടയം മണിപ്പുഴയില്‍ തുറന്നു. മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം നിര്‍വിഹിച്ചു. വൈകീട്ട് നാലു മുതലാണ് പൊതുജനങ്ങള്‍ക്ക് മാളില്‍ പ്രവേശനം.
|
എം പിമാരായ ഫ്രാന്‍സിസ് ജോര്‍ജ്, ജോസ് കെ മാണി, ഹാരിസ് ബീരാന്‍, മന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍, സിപിഐഎം ജില്ലാ സെക്രട്ടറി അഡ്വ വി ബി ബിനു, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലി, എക്‌സിക്യട്ടിവ് ഡയറക്ടര്‍ എം എ അഷ്‌റഫ് അലി, കോട്ടയം നഗര സഭാധ്യക്ഷ ബിന്‍സി സെബാസ്റ്റിയന്‍, ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടറും സിഇഒയുമായ എം എ നിഷാദ് തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങില്‍ സംബന്ധിച്ചു.
ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലുലു ഫാഷന്‍, ലുലു കണക്ട് എന്നിവ ഉള്‍പ്പെടുന്ന മിനി ഷോപ്പിങ് മാളാണ് രണ്ടുനിലകളിലായി 3.22 ലക്ഷം ചതുരശ്ര അടിയില്‍ കോട്ടയത്ത് ഒരുക്കിയിരിക്കുന്നത്. 1000 വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിങ് സൗകര്യം മാളിനുണ്ട്. ബ്യൂട്ടി ആന്‍ഡ് വെല്‍നസ്, വിനോദം, കഫേ ആന്‍ഡ് റസ്റ്റോറന്റ്, മെന്‍സ് ഫാഷന്‍, ജ്വല്ലറി തുടങ്ങിയ മേഖലകളിലായി ദേശീയവും അന്തര്‍ദേശീയവുമായ ബ്രാന്‍ഡുകള്‍ മാളില്‍ ഒരുക്കിയിരിക്കുന്നത്. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലാണ് ലുലുവിന്റെ കേരളത്തിലെ മറ്റു ഷോപ്പിങ് മാളുകള്‍.


