ഉപഭോക്താക്കള്‍ക്ക് പ്രതീക്ഷ നല്‍കി പതുക്കെ താഴോട്ടിറങ്ങിയിരുന്ന സ്വര്‍ണ വില ഇനി പിടിച്ചാല്‍ കിട്ടില്ല. ജൂണ്‍ മാസം പകുതി വരെ വില കുറഞ്ഞെങ്കിലും, പിന്നീട് അവിടെ നിന്നും പൊന്ന് എല്ലാവരെയും ഞെട്ടിച്ച് വീണ്ടും കുതിച്ചു. ആഭരണങ്ങള്‍ വാങ്ങാന്‍ കാത്തിരുന്നവര്‍ക്കെല്ലാം ഇനി അറിയേണ്ടത്, സ്വര്‍ണവില 1 ലക്ഷത്തിന് താഴേക്കിറങ്ങാന്‍ സാധ്യതയുണ്ടോ എന്നാണ്.
|
പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിക്കുന്ന സൂചനകളാണ് സ്വര്‍ണത്തെ വീണ്ടും കുതിക്കാന്‍ പ്രേരിപ്പിച്ചത്. നിലവിലെ സ്ഥിതി ഇങ്ങനെ തുടരുകയാണെങ്കില്‍ മുമ്പുണ്ടായിരുന്ന എല്ലാ നിരക്കുകളും പൊന്ന് വൈകാതെ കീഴടക്കും.
സ്വര്‍ണം റെക്കോഡുകള്‍ പഴങ്കഥയാക്കും
2026ന്റെ അവസാനത്തോടെ സ്വര്‍ണവില പുതിയ റെക്കോഡുകള്‍ തീര്‍ക്കുമെന്നാണ് ജെപി മോര്‍ഗന്‍ ഗ്ലോബല്‍ റിസര്‍ച്ച് വിശകലന വിദഗ്ധര്‍ പറയുന്നത്. 2026ന്റെ നാലാം പാദത്തോടെ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 6,000 ഡോളറിലെത്തുമെന്നും 2027ല്‍ ഔണ്‍സിന് 6,300 ഡോളറാകുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
2026ന്റെ തുടക്കത്തില്‍ സ്വര്‍ണം സ്പോട്ട് വില ശക്തമായി ഉയര്‍ന്നിരുന്നുവെങ്കിലും, മാര്‍ച്ച് മാസത്തോടെ അവിടെ നിന്നും താഴോട്ടിറങ്ങി 4,170 ഡോളറിലേക്ക് എത്തി. ഒരു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്ക് കൂടിയായിരുന്നു ഇത്. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും പണനയവുമായി ബന്ധപ്പെട്ട അനിശ്ചിതത്വവുമെല്ലാം സ്വര്‍ണത്തിന്റെ ഭാവി നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഭാവിയില്‍ സംഭവിക്കാന്‍ പോകുന്ന വില വര്‍ധനവും ഇതിനെയെല്ലാം ആശ്രയിച്ച് തന്നെ ആയിരിക്കാം.
സ്വര്‍ണത്തെ നിക്ഷേപമായി കാണുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നാണ് ജെപി മോര്‍ഗനിലെ ബേസ് ആന്‍ഡ് പ്രെഷ്യസ് മെറ്റല്‍സ് മേധാവി ഗ്രെഗ് ഷിയറര്‍ പറയുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ശക്തമായ സ്വര്‍ണ ആവശ്യകതയ്ക്ക് അനുകൂലമായ ഘടകങ്ങള്‍ വലിയതോതില്‍ മാറ്റമില്ലാതെ തുടരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉയര്‍ന്ന പണപ്പെരുപ്പം, വാങ്ങല്‍ ശേഷിയില്‍ സംഭവിച്ച ഇടിവ്, യുഎസ് സാമ്പത്തിക സമ്മര്‍ദങ്ങള്‍, ഭൗമരാഷ്ട്രീയ സംഭവവികാസങ്ങള്‍ തുടങ്ങിയവയെല്ലാം സ്വര്‍ണത്തെ പിന്തുണയ്ക്കുന്നു.
കേന്ദ്ര ബാങ്കുകളുടെ നിലപാട്
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സ്വര്‍ണവില കുതിച്ചുയരുന്നതിന് പ്രധാന കാരണക്കാര്‍ കേന്ദ്ര ബാങ്കുകളാണ്. 2026ന്റെ ആദ്യ പാദത്തില്‍ സെന്‍ട്രല്‍ ബാങ്കുകള്‍ 129 ടണ്‍ സ്വര്‍ണം വിറ്റഴിച്ചിരുന്നു. എന്നാല്‍ വെറും 16 ടണ്‍ മാത്രമേ വാങ്ങലുകള്‍ രേഖപ്പെടുത്തിയിട്ടുള്ളൂ.
ഓവര്‍ ദി കൗണ്ടര്‍ മാര്‍ക്കറ്റ് ഡാറ്റയും സ്വിസ് റിഫൈനറി ഫ്ളോകളും അടിസ്ഥാനമാക്കി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ നല്‍കുന്ന കണക്കുകളില്‍, 2026ന്റെ ആദ്യ പാദത്തില്‍ സ്വര്‍ണ വാങ്ങലുകള്‍ 244 ടണ്ണില്‍ എത്തിയിരിക്കാം. മുന്‍ പാദത്തില്‍ 208 ടണ്ണായിരുന്നു ഇത്.
JPMorgan Predicts Gold Could Hit 6,000 Dollar an Ounce by Year End Will Kerala Gold Rates Rise Further


