ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ഭരണഘടനാ ഭേദഗതി ബില്ല് ലോക്‌സഭയില്‍ അവതരിപ്പിച്ചു. ബില്ലുകള്‍ അവതരിപ്പിക്കുന്നതിനുള്ള പ്രമേയം കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ അവതരിപ്പിച്ചപ്പോള്‍ പ്രതിപക്ഷം ഡിവിഷന്‍ വോട്ട് ആവശ്യപ്പെടുകയായിരുന്നു. ഇതില്‍ 269 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 198 പേര്‍ എതിര്‍ത്തു.
|
മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ടെങ്കിലേ ഭരണഘടാ ഭേദഗതി ബില്ലുകള്‍ പാസാക്കിയെടുക്കാന്‍ കഴിയൂ എന്ന് കോണ്‍ഗ്രസ് എംപിമാരായ മാണിക്കം ടാഗോര്‍, ശശി തരൂര്‍ എന്നിവര്‍ കേന്ദ്രത്തെ ഓര്‍മപ്പെടുത്തി. ഇന്ന് സഭയില്‍ ഹാജരായത് 461 എംപിമാരാണ്. ഇതില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിനായി 307 എംപിമാരുടെ പിന്തുണ വേണം. എന്നാല്‍ സര്‍ക്കാരിന് ലഭിച്ചത് 263 വോട്ടുകള്‍ മാത്രമാണ്. പ്രതിപക്ഷത്തിന് 198 വോട്ട് ലഭിച്ചു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നിര്‍ദേശം മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാതെ പരാജയപ്പെട്ടുവെന്നാണ് മാണിക്കം ടാഗോര്‍ എക്സില്‍ കുറിച്ചത്.
സര്‍ക്കാരിന് തങ്ങളേക്കാള്‍ വലിയ സംഖ്യയുണ്ടെന്നത് സംശയമില്ലാത്ത കാര്യമാണ്. ജെപിസിയിലും അതിന്റെ ഘടനയുടെ അടിസ്ഥാനത്തില്‍ അവര്‍ക്ക് ഭൂരിപക്ഷം ഉണ്ടായിരിക്കാം. എന്നാല്‍ ഇതൊരു ഭരണഘടനാഭേദഗതി ബില്ലാണ്. പാസാക്കണമെങ്കില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം. അതുകൊണ്ട് ഇതുമായി അധികകാലം മുന്നോട്ട്പോകാനാകില്ലെന്നായിരുന്നു ബില്ല് വോട്ടെടുപ്പിനെക്കുറിച്ചുള്ള ശശി തരൂറിന്റെ പ്രതികരണം.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





