23
Jan 2025
Wed
23 Jan 2025 Wed
Actor Mohan Lal abvp

നടന്‍ മോഹന്‍ലാലിന്റെ കോളേജ് കാലത്തെ ഒരു ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.(Was actor Mohanlal an ABVP union member?)  ലാല്‍ എ.ബി.വി.പി യൂണിയന്‍ മെമ്പര്‍ ആയിരുന്നു എന്നാണ് ചിത്രത്തിന്റെ അടിക്കുറിപ്പില്‍ പറയുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒന്‍പത് പേരുടെ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഫോട്ടോയാണ് പ്രചരിക്കുന്നത്. ഇതിന്റെ മധ്യഭാഗത്തുള്ള മോഹന്‍ ലാലിന്റെ ഫോട്ടോയ്ക്കും അതിന് തൊട്ടുമുകളിലുള്ള ഫോട്ടോയ്ക്കും അടിക്കുറിപ്പായി എ.ബി.വി.പി. എം.ജി. കോളേജ് യൂണിയന്‍ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

വൈറല്‍ ചിത്രം റിവേഴ്സ് ഇമേജ് സര്‍ച്ച് ചെയ്തപ്പോള്‍ ഇതേ ചിത്രം ഉള്‍ക്കൊള്ളുന്നൊരു യൂട്യൂബ് വീഡിയോ ലഭിച്ചു. ‘എം.ജി. കൂട്ടുകാര്‍, മഹാത്മാഗാന്ധി കോളേജ് ട്രിവാന്‍ഡ്രം’ എന്ന യൂടൂബ് ചാനലില്‍ 2023 ഡിസംബര്‍ ആറിനാണ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്.

1979-ലെ കോളേജ് മാഗസിനില്‍ പ്രസിദ്ധീകരിച്ചതാണ് ഈ ചിത്രമെന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നു. അതേസമയം, പ്രചരിക്കുന്ന ചിത്രത്തിലേതുപോലെ ‘എ.ബി.വി.പി യൂണിയന്‍ മെമ്പര്‍’ എന്ന് ഈ ചിത്രത്തില്‍ രേഖപ്പെടുത്തിയിട്ടില്ല.

മാഗസിനിലെ ചിത്രത്തില്‍ മോഹന്‍ലാലിന്റെ മുകള്‍ഭാഗത്തുള്ളത് സംഗീതജ്ഞന്‍ കാവാലം ശ്രീകുമാറിന്റെതാണെന്നുള്ള സൂചനയും വീഡിയോയില്‍നിന്ന് ലഭിച്ചു.

ചിത്രം എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയാണെന്ന് കാവാലം ശ്രീകുമാര്‍ വ്യക്തമാക്കി. ‘കോളേജ് ആര്‍ട്സ് ഫെസ്റ്റില്‍ വിജയികളായവരുടെ ഫോട്ടോ അന്ന് മാഗസീനില്‍ പ്രസിദ്ധീകരിച്ചിരുന്നു, ആ ചിത്രം എഡിറ്റ് ചെയ്താണ് തെറ്റായി പ്രചരിപ്പിക്കുന്നത്’ എന്ന് അദ്ദേഹം പറഞ്ഞു.

Mohan Lal ABVP

തന്റെ കൈവശമുള്ള മാഗസീനിലെ യഥാര്‍ത്ഥ ചിത്രവും അദ്ദേഹം പുറത്തുവിട്ടു. ഇതില്‍ ആര്‍ട്ട്സ് ഫെസ്റ്റിവല്‍ വിജയികള്‍ എന്ന തലക്കെട്ടോടെയാണ് ഫോട്ടോ നല്‍കിയിരിക്കുന്നത്. മോഹന്‍ലാല്‍, കാവാലം ശ്രീകുമാര്‍ എന്നിവര്‍ ഉള്‍പ്പെടെ മത്സരത്തില്‍ വിജയ്കളായവരുടെ പേരും അവര്‍ നേടിയ സ്ഥാനങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. മോഹന്‍ലാലിന് അഭിനയത്തില്‍ ഒന്നാം സ്ഥാനം കിട്ടിയതിന്റെ ഭാഗമായാണ് ഫോട്ടോ നല്‍കിയിട്ടുള്ളതെന്ന് ഈ ചിത്രത്തില്‍ നിന്ന് വ്യക്തമാവുന്നു.