23
Jan 2025
Fri
23 Jan 2025 Fri

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചു. 63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തൃശൂര്‍ ജില്ല 26 വര്‍ഷത്തിന് ശേഷം ചാംപ്യന്‍മാരായി സ്വര്‍ണ്ണക്കപ്പ് നേടിയതിന്റെ ആഹ്ലാദ സൂചകമായാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് കലക്ടര്‍ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ ഉള്‍പ്പെടെയുള്ള എല്ലാ സ്‌കൂളുകള്‍ക്കും അവധിയായിരിക്കുമെന്നും കലക്ടര്‍ അറിയിച്ചു. കാല്‍നൂറ്റാണ്ടിന് ശേഷം കലാകിരീടം പൂരങ്ങളുടെ നാട്ടിലേക്ക് എത്തിയതിന്റെ ആവേശത്തിലാണ് തൃശ്ശൂര്‍ ജില്ല. തലസ്ഥാനത്ത് നിന്നും സ്‌കൂള്‍ കാലോത്സവത്തില്‍ വിജയിച്ച് സ്വര്‍ണക്കപ്പുമായി എത്തിയ തൃശൂര്‍ ടീമിന് ജില്ലയില്‍ ഗംഭീര സ്വീകരണമാണ് ഒരുക്കിയത്.

26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തൃശൂര്‍ ജില്ല കലാകീരിടം ചൂടുന്നത്. 63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ 1008 പോയിന്റ് നേടിയാണ് തൃശൂര്‍ ജില്ല കലാകിരീടം സ്വന്തമാക്കിയത്. ഇത് നാലാം തവണയാണ് തൃശൂര്‍ വിജയികളാകുന്നത്. മന്ത്രിമാരായ വി ശിവന്‍കുട്ടി, കെ രാജന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, നടന്മാരായ ടൊവിനോ തോമസ്, ആസിഫ് അലി എന്നിവര്‍ ചേര്‍ന്നാണ് കപ്പ് സമ്മാനിച്ചത്.

1007 പോയിന്റ് നേടി പാലക്കാട് രണ്ടാമതെത്തി. 1003 പോയിന്റ് നേടി കണ്ണൂര്‍ മൂന്നാം സ്ഥാനത്തും എത്തി.

Holiday for schools in Thrissur district today