|
തിരുവനന്തപുരം: കേരളത്തിൽ ഇന്നും ശക്തമായ താപനില രേഖപ്പെടുത്തും. വടക്കൻ കേരളത്തിൽ ഇന്ന് ചൂട് ഉയരുമെന്ന് ആണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
സാധാരണയുള്ളതിനെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില കൂടാനാണ് സാദ്ധ്യത. ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി കേരളാ ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ ഇറക്കിയിട്ടുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും അധികൃതർ അറിയിച്ചു.
ആശ്വാസമായി മഴയെത്തും
ചൂടിനിടെ ആശ്വാസമായി നാളെ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. മൺസൂൺ പൂർണമായും ഒഴിഞ്ഞതിന് പിന്നാലെയാണ് നാളത്തെ മഴ.
ശക്തമായ മഴയാണ് പ്രവചിച്ചത്. ഇതുപ്രകാരം നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു.
31/01/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട
എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇടിമിന്നൽ ജാഗ്രത
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ( 30/01/2025 & 31/01/2025) ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





