05
Feb 2025
Sun
05 Feb 2025 Sun
child head stitch

കോട്ടയം: വീട്ടിനുളളില്‍ വീണ് തലയ്ക്ക് പരിക്കേറ്റ പതിനൊന്നുകാരന്റെ മുറിവ് മൊബൈല്‍ വെളിച്ചത്തില്‍ തുന്നിക്കെട്ടി.(Doctor stitches child’s head with cellphone light) വൈക്കം താലൂക്ക് ആശുപത്രിയിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചെമ്പ് മുറിഞ്ഞുപുഴ കൂമ്പേല്‍ കെ പി സുജിത്ത്, സുരഭി ദമ്പതികളുടെ മകന്‍ ദേവതീര്‍ത്ഥിനാണ് ദുരനുഭവം.

കുട്ടി വീടിനുളളില്‍ തെന്നിവീണ് തലയുടെ വലത് വശത്ത് പരിക്കേറ്റിരുന്നു. അമിത രക്തസ്രാവത്തെ തുടര്‍ന്ന് മാതാപിതാക്കള്‍ കുട്ടിയെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.

അത്യാഹിത വിഭാഗത്തില്‍ നിന്ന് കുട്ടിയെ മുറിവ് ഡ്രസ് ചെയ്യാനാണ് ഡ്രസിങ് റൂമിലേക്ക് മാറ്റിയത്. എന്നാല്‍, അവിടെ ഇരുട്ടായതിനാല്‍ കുട്ടിയും മാതാപിതാക്കളും അങ്ങോട്ട് കയറിയില്ല. പിന്നീട് അറ്റന്‍ഡര്‍ എത്തി വൈദ്യുതി ഇല്ലെന്ന് പറയുകയായിരുന്നു. അറ്റന്‍ഡര്‍ തന്നെ കുട്ടിയെ ഒ പി കൗണ്ടറിന് മുമ്പിലിരുത്തി.

രക്തം നിലയ്ക്കാതെ വന്നപ്പോള്‍ കുട്ടിയെ വീണ്ടും ഡ്രസിങ് റൂമിലേക്ക് മാറ്റി. എന്നാല്‍ ,റൂമില്‍ മൊത്തം ഇരുട്ടാണല്ലൊ എന്ന് മാതാപിതാക്കള്‍ പറഞ്ഞപ്പോള്‍ ജനറേറ്ററിന് ഡീസല്‍ ചെലവ് കൂടുതലാണെന്നായിരുന്നു അറ്റന്‍ഡറുടെ മറുപടി. ചെലവ് കൂടുതലായതിനാല്‍ വൈദ്യുതി ഇല്ലാതാകുന്ന സമയത്ത് ജനറേറ്റര്‍ കൂടുതല്‍ സമയം പ്രവര്‍ത്തിപ്പിക്കാറില്ലെന്നും ജീവനക്കാരന്‍ പറഞ്ഞു.

പിന്നീട് മുറിവ് ഡ്രസ് ചെയ്ത് തുന്നലിടാന്‍ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. എന്നാല്‍, അവിടേയും വെളിച്ചമില്ലായിരുന്നു.

തുടര്‍ന്ന് ദേവതീര്‍ത്ഥിനെ ജനലിന്റെ അരികിലിരുത്തി മൊബൈല്‍ വെളിച്ചത്തില്‍ ഡോക്ടര്‍ തുന്നലിടുകയായിരുന്നുവെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.