ആസ്‌ത്രേലിയയെ സെമിയില്‍ തോല്‍പ്പിച്ച് ഇന്ത്യ ഐസിസി ചാംപ്യന്‍സ് ട്രോഫിയുടെ ഫൈനലില്‍ കടന്നതിനു പിന്നാലെ ദുബൈ വേദിയാവുന്ന കലാശപ്പോര് കാണാനുള്ള ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റഴിഞ്ഞു. രണ്ട് മണിക്കൂറിനുള്ളിലാണ് ഓണ്‍ലൈനില്‍ ടിക്കറ്റുകള്‍ വിറ്റുപോയത്. ഒരു ലക്ഷത്തിലേറെ പേരാണ് ടിക്കറ്റ് വാങ്ങാനായി ആദ്യ മിനുറ്റുകള്‍ക്കുള്ളില്‍ വെബ്‌സൈറ്റില്‍ ഒരേസമയം കാത്തു നിന്നത്.
|
2.84 ലക്ഷം രൂപ(12000 ദിര്‍ഹം) വിലയുള്ള ഏറ്റവും ഉയര്‍ന്ന ക്ലാസായ സ്‌കൈ ബോക്‌സ് ടിക്കറ്റ് പോലും അതിവേഗം വിറ്റുപോയതോടെ കോളടിച്ചത് ടിക്കറ്റുകള്‍ മറിച്ചുവില്‍ക്കുന്ന വെബ് സൈറ്റുകള്‍ക്കാണ്.വയാഗോഗോയില്‍ സ്‌കൈ ബോക്‌സ് ടിക്കറ്റ് വില്‍ക്കാന്‍ വച്ചത് 23 ലക്ഷം രൂപയ്ക്കാണ്.
ഇന്ന് പാകിസ്താനിലെ ലാഹോറില്‍ ന്യൂസിലാന്‍ഡും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടക്കുന്ന സെമി ഫൈനലിലെ ജേതാവായിരിക്കും മാര്‍ച്ച് ഒമ്പതിന് ദുബയില്‍ ഇന്ത്യയെ നേരിടുക. ഇന്ത്യ ഫൈനലില്‍ കടന്നതോടെ ടിക്കറ്റിന് വന്‍തോതില്‍ ആവശ്യക്കാര്‍ രംഗത്തുവരികയായിരുന്നു. ഇതോടെ ടിക്കറ്റുകള്‍ മറിച്ചുവില്‍ക്കുന്ന സൈറ്റുകള്‍ക്ക് ചാകരയായത്.
എക്സ്ചേഞ്ച്ടിക്കറ്റ് എന്ന വെബ്സൈറ്റ് 250 ദിര്‍ഹം വിലയുള്ള ജനറല്‍ അഡ്മിഷന്‍ ടിക്കറ്റ് 3000 ദിര്‍ഹമിനാണ് വില്‍പ്പനയ്ക്കു വച്ചത്. എന്തുവില കൊടുത്തും കളി കണ്ടേ അടങ്ങൂവെന്ന ക്രിക്കറ്റ് പ്രേമികളുടെ പിടിവാശിയാണ് ടിക്കറ്റ് റീസെയില്‍ വെബ്‌സൈറ്റുകള്‍ കൊള്ളലാഭത്തിന് പിടിവള്ളിയാക്കിയത്. അതേസമയം ഓണ്‍ലൈനില്‍ ടിക്കറ്റ് കിട്ടാത്തവര്‍ക്ക് ദുബൈ ഇന്റര്‍നാഷനല്‍ സ്റ്റേഡിയം ബോക്സ് ഓഫിസില്‍ നേരിട്ടെത്തിയാല്‍ ടിക്കറ്റ് ലഭിക്കുമെന്നാണ് സംഘാടകരായ ഐസിസി അറിയിച്ചിരിക്കുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





