23
Mar 2025
Sat
23 Mar 2025 Sat

കൊച്ചി: വനിതാ ദിനമായ ഇന്ന് (മാര്‍ച്ച് 8) പുരുഷാവകാശ പോസ്റ്റിട്ട് കേരളത്തിന്റെ സഹകരണ സ്ഥാപനമായ മില്‍മ വിവാദത്തില്‍. അവകാശങ്ങളിലും സ്വാതന്ത്ര്യത്തിലും സ്ത്രീയേക്കാള്‍ ഒട്ടും താഴെയല്ല പുരുഷന്‍ എന്ന കുറിപ്പിന് ഒപ്പമാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റര്‍ പങ്കുവച്ചത്. വിവാദമായതോടെ മില്‍മ പോസ്റ്റ് മുക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ഡിലീറ്റ് ചെയ്ത പോസ്റ്റ്‌

ലിംഗ സമത്വം എന്ന ഹാഷ് ടാഗിന് ഒപ്പം സ്ത്രീകള്‍ക്കൊപ്പം പുരുഷന്‍മാര്‍ക്കും തുല്യത വേണം എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. വനിതാ ദിനാശംസകള്‍ പങ്കുവച്ച ഞങ്ങള്‍ പുരുഷദിനം മറക്കില്ലെന്നും പോസ്റ്ററില്‍ വ്യക്തമാക്കുന്നു. പോസ്റ്ററിന് സമാന നിലപാട് പറയുന്ന വീഡിയോ ഫെയ്‌സ്ബുക്ക് പേജില്‍ സ്റ്റോറിയായും മില്‍മ പങ്കുവച്ചിട്ടുണ്ട്. വനിതാ ദിനത്തിന് തയ്യാറെടുത്തവര്‍ എന്ന് പറയുന്ന വീഡിയോയില്‍ തുണി കഴുകുകയും, മേശയും മറ്റും വൃത്തിയാക്കുകയും ചെയ്യുന്ന യുവാവിന്റെ വീഡിയോ ക്ലിപ്പാണ് മില്‍മ പങ്കുവച്ചിരിക്കുന്നത്.

 

മില്‍മ പോലൊരു മുഖ്യധാരാ സ്ഥാപനം നിലവാരമില്ലാത്ത വനിതാദിനാശംസകള്‍ പങ്കുവച്ചതിനെതിരെ വ്യാപക വിമര്‍ശനമാണ് കമന്റ് ബോക്‌സില്‍ ഉള്‍പ്പെടെ ഉയര്‍ന്നത്. വിവാദം ഉണ്ടാക്കി ശ്രദ്ധ നേടാനാണ് മില്‍മ ശ്രമിക്കുന്നത് എന്നും ആളുകള്‍ കുറ്റപ്പെടുത്തുന്നു. ‘അയ്യേ…’ എന്നാണ് മിക്കവരും പോസ്റ്റിന് കീഴില്‍ നല്‍കിയിരിക്കുന്ന കമന്റ്. ഇതോടെയാണ് പോസ്റ്റ് നീക്കിയത്.

അതേസമയം, പോസ്റ്റിനെ പിന്തുണച്ച് നിരവധി പുരുഷ അനുകൂല കമന്റുകളും വന്നു. പുരുഷന്‍മാരെ കുടി പരിഗണിക്കുന്നതാണ് മില്‍മയുടെ സന്ദേശം എന്ന നിലയിലുള്ള ധാരാളം കമന്റുകളും കിട്ടി.