ദുബൈ: യുഎഇയിലെ ഇന്ത്യന്‍ ബ്ലൂ കോളര്‍ തൊഴിലാളികള്‍ക്കായി പുതിയ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തി ഇന്ത്യന്‍ കോണ്‍സുലേറ്റ്. 32 ദിര്‍ഹം പ്രീമിയം അടക്കുന്നതോടെ 35,000 ദിര്‍ഹം (ഏകദേശം 8 ലക്ഷം രൂപ) ലഭിക്കുന്നവിധത്തിലുള്ള ഇന്‍ഷുറന്‍സ് പരിരക്ഷയാണ് പ്രഖ്യാപിച്ചത്. യു.എ.ഇയില്‍വച്ച് സ്വഭാവിക മരണം സംഭവിക്കുന്ന ഇന്ത്യന്‍ പ്രവാസി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കഴിഞ്ഞവര്‍ഷം ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് തുടങ്ങിയ ഇന്‍ഷൂറന്‍സ് പദ്ധതി വിപുലീകരിച്ചാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതിയില്‍ ഈവര്‍ഷം ദുബൈ നാഷണല്‍ ഇന്‍ഷൂറന്‍സും നെക്‌സസ് ഇന്‍ഷൂറന്‍സ് ബ്രോക്കേഴ്‌സും കൈകോര്‍ക്കുമെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
|
പത്തില്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് ഈ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ജീവനക്കാരെ ഉള്‍പ്പെടുത്താമെന്ന് അധികൃതര്‍ അറിയിച്ചു. 18 വയസ്സ് മുതല്‍ 69 വയസുവരെ പ്രായമുള്ളവര്‍ക്ക് പദ്ധതിയില്‍ അംഗത്വമെടുക്കാം. ഓരോ വര്‍ഷവും 32 ദിര്‍ഹം ആണ് പ്രീമിയം അടക്കേണ്ടത്. മരണമോ സ്ഥിരം ശാരീരിക വൈകല്യമുണ്ടാക്കുന്ന അപകടമോ സംഭവിച്ചാല്‍ 35,000 ദിര്‍ഹം വരെ തൊഴിലാളിയുടെ കുടുംബത്തിന് ഇന്‍ഷൂറന്‍സ് ലഭിക്കും. മൃതദേഹം നാട്ടിലെത്തിക്കാന്‍ 12,000 ദിര്‍ഹം വരെയുള്ള ചെലവും ഇന്‍ഷൂറന്‍സിന്റെ ഭാഗമാണ്.
യുഎഇയില്‍വച്ച് സ്വാഭാവിക മരണം സംഭവിക്കുന്ന തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിച്ച് കുടുംബത്തിന് അവസാനമായി കാണാനുള്ള സൗകര്യം ഇതുവരെ ഇല്ലായിരുന്നു. ഈ സാഹചര്യത്തിലാണ് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇത്തരമൊരു പദ്ധതി കഴിഞ്ഞവര്‍ഷം ആരംഭിച്ചത്. ഇതാണിപ്പോള്‍ വിപുലീകരിച്ചത്.
New insurance plan launched for Indian workers with Dh32 premium in UAE





