26
Apr 2025
Fri
26 Apr 2025 Fri
Waqf Bill Passed By Rajya Sabha

ന്യൂഡല്‍ഹി: ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെ ഹനിക്കുന്ന വഖഫ് നിയമ ഭേദഗതി ബില്‍ രാജ്യസഭയിലും പാസായി. ( Waqf Bill Passed By Rajya Sabha) വോട്ടെടുപ്പില്‍ 128 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 95 പേര്‍ എതിര്‍ത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ ദിവസം ലോക്‌സഭയിലും ബില്‍ പാസായിരുന്നു. ഇനി രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയക്കും. രാഷ്ട്രപതി ബില്ലില്‍ ഒപ്പിട്ടാല്‍ നിയമമാകും. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചക്ക് ശേഷമായിരുന്നു വോട്ടെടുപ്പ്. പ്രതിപക്ഷ അംഗങ്ങളുടെ നിര്‍ദേശങ്ങള്‍ വോട്ടിനിട്ട് തള്ളി.

ബില്‍ രാജ്യസഭ കടന്നതോടെ മുനമ്പത്ത് പടക്കം പൊട്ടിച്ചും പ്രകടനം നടത്തിയും സമരക്കാരുടെ ആഹ്ലാദ പ്രകടനം. സമരം ചെയ്യുന്നവര്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് പ്രകടനം നടത്തി.

ALSO READ: ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും ലംഘിച്ച് വഖഫ് ബില്‍ പാസാക്കി കേന്ദ്രം; ലോക്‌സഭയില്‍ വോട്ടിനിട്ടത് അര്‍ധരാത്രി

നിയമഭേദഗതിയെ എതിര്‍ത്ത കേരളത്തിലെ എംപിമാരെ വിമര്‍ശിച്ച സമരക്കാര്‍ സുരേഷ് ഗോപിക്ക് അനുകൂലമായി മുദ്രാവാക്യം മുഴക്കുകയും ചെയ്തു. റവന്യു അവകാശങ്ങള്‍ പുനഃസ്ഥപിക്കുന്നത് വരെ സമരം തുടരുമെന്നും മുനമ്പം സമര സമിതി അറിയിച്ചു.

വഖഫ് നിയമ ഭേദഗതി ബില്‍ ലോക്‌സഭയില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ട് മണിയോടെ പാസായിരുന്നു. 232 വോട്ടിനെതിരെ 288 വോട്ടോടെയാണ് പാസായത്. 14 മണിക്കൂറിലേറെ നീണ്ട വാദപ്രതിവാദങ്ങള്‍ക്കു ശേഷമാണ് ബില്‍ ലോക്‌സഭ കടന്നത്. ബില്ലിനെതിരേ പ്രതിപക്ഷം ഒറ്റക്കെട്ടായി നിലകൊണ്ടത് ശ്രദ്ധേയമായി. രാജ്യസഭയിലും മണിക്കൂറുകള്‍ ചര്‍ച്ച നീണ്ടു.

ബില്‍ പരിശോധിക്കാന്‍ രൂപീകരിച്ച സംയുക്ത പാര്‍ലമെന്ററി സമിതി തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചില്ലെന്ന് പ്രതിപക്ഷം വാദിച്ചു. ബില്‍ ഭരണഘടനാ വിരുദ്ധമാണെന്നും സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളെ അപകീര്‍ത്തിപ്പെടുത്താനും അവകാശങ്ങള്‍ നിഷേധിക്കാനും ശ്രമിക്കുകയാണെന്നും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.