24
Apr 2025
Sat
24 Apr 2025 Sat
MA Yusuff ali help

കൊച്ചി: വൃക്ക രോഗ ബാധിതനായി ജീവിതം വഴിമുട്ടിയ യുവാവിന് ചികിത്സാ സഹായം കൈമാറി എം.എ യൂസഫലി. ( MA Yusuf ali handed over 10 lakhs for kidney transplant treatment ) ആലപ്പുഴ ചന്ദീരൂര്‍ കാട്ടില്‍ത്തറ വീട്ടില്‍ സന്ദീപിനാണ് വൃക്കരോഗ ചികിത്സയ്ക്ക് ആവശ്യമായ 10 ലക്ഷം രൂപയുടെ ചികിത്സ സഹായം ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി കൈമാറിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രണയിച്ച് വിവാഹിതരായ സന്ദീപും അനുവുമാണ് ജീവിത ദുരിതങ്ങളുടെ കണ്ണീരില്‍ കഴിയുന്നത്. കുടുംബത്തിന്റെ ഏക അത്താണിയായ സന്ദീപിന് വൃക്കരോഗം ബാധിച്ചതോടെ ജീവിതത്തിന്റെ പ്രതീക്ഷകളുമറ്റു.

അച്ഛനും അമ്മയും ഭാര്യയും ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന മകളുമടങ്ങുന്ന കുടുംബം കഴിയുന്നത് ഒറ്റമുറി വീട്ടിലാണ്. ജ്വല്ലറിയിലെ സെയില്‍സ്മാനായി ജോലി ചെയ്ത് വരുന്നതിനിടയിലാണ് സന്ദീപിന് വൃക്കരോഗം പിടിപെട്ടത്. ചികിത്സയ്ക്കായി സുഹൃത്തുക്കള്‍ രംഗത്തിറങ്ങിയതോടെയാണ് ഈ വാര്‍ത്ത ലുലു ഗ്രൂപ്പ് ചെയര്‍മാന്റെ ശ്രദ്ധയില്‍പ്പെടുന്നത്.

സന്ദീപിന്റെ ഇരു വൃക്കകളും മാറ്റിവച്ചെങ്കില്‍ മാത്രമേ ഇനി പഴയ ജീവിതത്തിലേക്ക് തിരികെയെത്താന്‍ സാധിക്കു. വൃക്കമാറ്റി വയ്ക്കുന്നതിന് ഭാര്യ അനു തയ്യാറായെങ്കിലും പാലാരിവട്ടത്തെ ലാബില്‍ നടത്തിയ ഡി.ടി.പി.എ ടെസ്റ്റില്‍ അനുവിന്റെ വലത് വൃക്കയ്ക്ക് തകരാറുള്ളതായി കണ്ടെത്തുകയായിരുന്നു.

അനുവിന്റെ വൃക്ക നല്‍കിയാലും സന്ദീപിന് ഗുണമുണ്ടാകില്ലെന്ന് ഡോക്ടര്‍ അറിയിക്കുകയും ചെയ്തു. ഇതോടെയാണ് വൃക്കദാതാവിനെ കണ്ടെത്തേണ്ട ആവശ്യകതയും എത്തിയത്. ചികിത്സ കഴിഞ്ഞാലും ഒരു വര്‍ഷത്തെ വിശ്രമവും ആവശ്യമാണ്. ചികിത്സയ്ക്കായി ഒരുപാട് വാതിലുകള്‍ മുട്ടിയെങ്കിലും പ്രതീക്ഷിച്ച സഹായം എത്തിയില്ല.

ഈ അവസരത്തിലാണ് മനുഷ്യസ്‌നേഹിയായ എം.എ യൂസഫലിയുടെ ഇടപെടലുണ്ടായത്. കഴിഞ്ഞ ഡിസംബര്‍ മുതല്‍, ആഴ്ചയില്‍ രണ്ടുതവണ ഡയാലിസിസ് തുടരുകയാണ്. ഭാരിച്ച തുകയാണ് ആശുപത്രിയില്‍ ചിലവാകുന്നതും. ശസ്ത്രക്രിയയ്ക്ക് വേണ്ട ചികിത്സാ ചിലവില്‍ 10 ലക്ഷം രൂപ എം.എ യൂസഫലിക്ക് വേണ്ടി ലുലു ഐ.ടി ഇന്‍ഫ്രാബില്‍ഡ് , സൈബര്‍ പാര്‍ക്ക് ഡയറക്ടര്‍ ആന്‍ഡ് സി.ഇ.ഒ അഭിലാഷ് വലിയവളപ്പിലും ലുലു ഇന്ത്യ മീഡിയ ഹെഡ് എന്‍.ബി സ്വരാജും ചേര്‍ന്ന് കൈമാറി.

ജീവിതം തിരിച്ചു നല്‍കിയ യൂസഫലി സാറിനോടുള്ള നന്ദി വാക്കുകള്‍ കണ്ണീരോടൊണ് അനുവും സന്ദീപും അറിയിച്ചത്.