ദുബൈ: യുഎഇയില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് എമിറേറ്റ്‌സ് ഐഡിക്ക് പകരം അടുത്തവര്‍ഷം മുതല്‍ മുഖം തിരിച്ചറിയുന്ന ഫേഷ്യല്‍ റെക്കഗ്‌നിഷന്‍സ് (biometric digital identtiy) സംവിധാനം. യുഎഇ പാര്‍ലമെന്റായ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ ചര്‍ച്ചയ്ക്കിടെ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അഫയേഴ്‌സ് സഹമന്ത്രി അബ്ദുല്‍ റഹ്മാന്‍ അല്‍ ഉവൈസ് ആണ് പുതിയ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനം പ്രഖ്യാപിച്ചത്. ഇന്ത്യയിലെ ആധാറിന് സമാനമായ എമിറേറ്റ്‌സ് ഐഡി എല്ലായ്‌പ്പോഴും കൂടെ കൊണ്ടു നടക്കേണ്ട ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് നടപടി.
|
സുരക്ഷ, കൃത്യത, സൗകര്യം എന്നിവയാണു പുതിയ സംവിധാനത്തിന്റെ പ്രത്യേകത. സര്‍ക്കാര്‍, ബാങ്കിങ്, ടെലികമ്യൂണിക്കേഷന്‍സ്, ഹെല്‍ത്ത് കെയര്‍, ഹോസ്പിറ്റാലിറ്റി, ഇന്‍ഷുറന്‍സ് തുടങ്ങിയ പ്രധാന മേഖലകളിലാണ് ആദ്യഘട്ടത്തില്‍ പുതിയ സംവിധാനം നടപ്പാക്കുക. പിന്നീട് മറ്റു മേഖലകളിലേക്കും വ്യാപിപ്പിക്കും. ഈ സംവിധാനം ഒരു സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴി ആക്‌സസ് ചെയ്യാവുന്നതും നിലവിലുള്ള ഐഡന്റിറ്റി ഇന്‍ഫ്രാസ്ട്രക്ചറിനെ പൂരകമാക്കുന്നതുമായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ആശുപത്രി, ബാങ്കിങ്, ഹോട്ടലുകള്‍ തുടങ്ങിയവയ്‌ക്കെല്ലാം എമിറേറ്റ്‌സ് ഐഡിയുടെ ഒറിജിനല്‍ ഉപയോഗിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുമുള്ളതെന്ന് അദ്‌നാന്‍ അല്‍ ഹമ്മാദി പാര്‍ലമെന്റില്‍ ചൂണ്ടിക്കാട്ടി. അവശ്യമേഖലയെ എത്രയും വേഗത്തില്‍ ഡിജിറ്റല്‍ സംവിധാനങ്ങള്‍ക്ക് കീഴില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവില്‍ ഗവണ്മെന്റ് ആപ്ലിക്കേഷനായ യുഎഇ പാസ് മുഖേന, ഇഎമിറേറ്റ്‌സ് ഐഡി ഉപയോഗത്തില്‍ ഉണ്ടെങ്കിലും പല മേഖലകളിലും ഒറിജിനല്‍ എമിറേറ്റ്‌സ് ഐഡി ആവശ്യപ്പെടുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ട്. ഇതിന് പ്രതിവിധി എന്ന നിലയിലാണ് ഫേസ് ഐഡി എന്ന ആശയം അവതരിപ്പിക്കപ്പെടുന്നത്.
2021ലെ ജൈടെക്‌സ് എക്‌സിബിഷനില്‍ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ബയോമെട്രിക് സംവിധാനം ദുബൈ താമസ കുടിയേറ്റ വകുപ്പ് അവതരിപ്പിച്ചിരുന്നു. നിലവില്‍ ദുബൈ വിമാനത്താവളത്തിലെ സ്മാര്‍ട് ഗേറ്റുകളില്‍ ഫേഷ്യല്‍ റക്കഗ്‌നിഷന്‍ സംവിധാനം ഉപയോഗിക്കുന്നുണ്ട്. ഒറിജനല്‍ രേഖകളൊന്നുമില്ലാതെ എമിഗ്രേഷന്‍ പൂര്‍ത്തിയാക്കുന്ന സംവിധാനമാണിത്. ഇതിന് സമാനമാകും ഫേസ് ഐഡിയും.
ഫിസിക്കല്‍ എമിറേറ്റ്‌സ് ഐഡി കാര്‍ഡുകളുടെ ആവശ്യകത ഇല്ലാതാക്കുന്ന ഒരു പുതിയ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനം അവതരിപ്പിക്കാനുള്ള പദ്ധതി യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് പ്രഖ്യാപിച്ചു, ഇത് രാജ്യത്തിന്റെ ഡിജിറ്റല്‍ പരിവര്‍ത്തന അജണ്ടയിലെ ഒരു പ്രധാന ചുവടുവയ്പ്പാണ്.
കൃത്യവും സുരക്ഷിതവുമായ തിരിച്ചറിയല്‍ അത്യാവശ്യമായ മേഖലകളായ സര്‍ക്കാര്‍ സേവനങ്ങള്‍, ബാങ്കിംഗ്, ടെലികമ്മ്യൂണിക്കേഷന്‍സ്, ആരോഗ്യ സംരക്ഷണം, ഇന്‍ഷുറന്‍സ്, ഹോസ്പിറ്റാലിറ്റി എന്നിവയുള്‍പ്പെടെ ഒന്നിലധികം ഉയര്‍ന്ന സുരക്ഷാ മേഖലകളില്‍ ബയോമെട്രിക് ഐഡന്റിറ്റി പ്ലാറ്റ്‌ഫോം സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
UAE to replace physical emirates ID cards with biometric digital identity





