ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു. കടുത്ത ശ്വാസകോശ അണു ബാധയെ തുടർന്ന് 35 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം മാർച്ച് 23നായിരുന്നു ഫ്രാൻസിസ് മാർപാപ്പ ആശുപത്രി വിട്ടത്. ഏറ്റവും ഒടുവിൽ ഈസ്റ്റർ ദിനത്തിലും മാർപാപ്പ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ വിശ്വാസികളെ കണ്ടിരുന്നു. ഗാസയിൽ ഉടൻ തന്നെ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് തൻ്റെ ഈസ്റ്റർ സന്ദേശത്തിൽ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
|
ഫലസ്തീനിലും ഇസ്രയേലിലും കഷ്ടപ്പാടുകൾ അനുഭവിക്കുന്നവർക്കൊപ്പമാണ് തൻ്റെ മനസ്സെന്നും പട്ടിണി കിടക്കുന്ന ഒരു ജനതയെ സഹായിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും പോപ് സന്ദേശത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഫ്രാൻസിസ് മാർപാപ്പയുടെ ആക്സമിക വേർപാട്.
ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പ സ്ഥാനത്യാഗം ചെയ്തതിനെ തുടർന്ന് 2013 മാർച്ച് 19 ന് ആണ് ഫ്രാൻസിസ് മാർപാപ്പ കത്തോലിക്കാസഭയുടെ 266-ാമത് പോപ്പ് ആയി സ്ഥാനമേറ്റത്. കർദിനാൾ ബെർഗോളിയോ എന്നതാണ് യഥാർഥ പേര്. വിശുദ്ധ ഫ്രാൻസീസ് അസീസിയോടുള്ള ബഹുമാനാർത്ഥം ‘ഫ്രാൻസിസ്’ എന്ന പേര് സ്വീകരിക്കുകയായിരുന്നു. ഈ പേര് ആദ്യമായിട്ടാണ് ഒരു മാർപാപ്പ ഔദ്യോഗിക നാമമായി സ്വീകരിച്ചിരുന്നത്.
ബ്യൂണസ് അയേഴ്സിൽ ഇറ്റലിയിൽ നിന്നു കുടിയേറിയ മരിയോ ജോസ് ബെഗോളിയോയുറ്റേയും മരിയ സിവോരിയയുടേയും അഞ്ചു മക്കളിൽ ഒരാളായി 1936ൽ ഡിസംബർ17ന് ആണ് ബെർഗോളിയോ ജനിച്ചത്. പോപ്പായി തിരഞ്ഞെടുക്കുന്നതിന് മുമ്പ് ബ്യൂണസ് അയേഴ്സ് രൂപതയുടെ തലവനായിരുന്നു അദ്ദേഹം. ലാറ്റിനമേരിക്കയിൽ നിന്നും പോപ്പായ ആദ്യത്തെ വ്യക്തി കൂടിയാണ് ഫ്രാൻസിസ് മാർപാപ്പ. ക്രിസ്തീയ സന്യാസി സമൂഹമായ ഈശോസഭയിൽ നിന്നുള്ള ആദ്യത്തെ പോപ്പ് എന്നീ നിലകളിലും ഇദ്ദേഹം ശ്രദ്ധേയനായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





