തുര്‍ക്കിയില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന് രജിസ്‌ട്രേഡ് ഓഫീസുണ്ടെന്ന് തട്ടിവിട്ട അര്‍ണബ് ഗോസ്വാമി പുലിവാല് പിടിച്ചു. (Republic uses unrelated image of Istanbul Congress Center as Congress party’s Turkey office) മെയ് 15ന് റിപബ്ലിക് ടിവിയുടെ പ്രൈം ടൈം ഷോയിലാണ് എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി വിവരക്കേട് വിളമ്പിയത്. ഇസ്താംബൂളിലെ കോണ്‍ഗ്രസ് സെന്റര്‍ എന്നെഴുതിയ കെട്ടിടത്തിന്റെ ചിത്രം കാണിച്ചായിരുന്നു അര്‍ണബിന്റെ വാദം.
|
ഈ കൂറ്റന്‍ കെട്ടിടം ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ തുര്‍ക്കിയിലെ രജിസ്‌ട്രേഡ് ഓഫീസാണെന്നായിരുന്നു വാദം. ഗാന്ധി കുടുംബം ഇന്ത്യയുടെ താല്‍പര്യങ്ങള്‍ തുടര്‍ച്ചയായി ഹനിക്കുകയാണെന്നും അര്‍ണബ് പറഞ്ഞു.
ഈയിടെ നടന്ന പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ തുര്‍ക്കി പാകിസ്താന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇന്ത്യക്കാര്‍ തുര്‍ക്കിയെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനവും ഉയര്‍ന്നിരുന്നു. അതിന് പിന്നാലെയാണ് തുര്‍ക്കിയില്‍ കോണ്‍ഗ്രസിന് ഓഫീസുണ്ടെന്ന വാദവുമായി അര്‍ണബ് എത്തിയത്.
ALSO READ: പാലക്കാട് ശ്രീനിവാസന്‍ വധക്കേസ്: ആറ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് കൂടി സുപ്രിം കോടതി ജാമ്യം
ഇത് ദേശീയ അഖണ്ഡതയുടെ വിഷയമാണെന്നും ശത്രുവിന്റെ മിത്രം ശത്രുവാണെന്നും പ്രഖ്യാപിച്ച അര്‍ണബ് തുര്‍ക്കിക്കൊപ്പം കോണ്‍ഗ്രസിനെയും ബഹിഷ്‌കരിക്കണമെന്നും ആഹ്വാനം ചെയ്തു.
Did you know that the Congress Party has a registered office in Turkey? Can Rahul Gandhi explain what necessitated this move? This is bizarre and inexplicable on multiple levels. India deserves to know.
Remember: the enemy’s friend is an enemy too. pic.twitter.com/lOnPrS5SpY
— Amit Malviya (@amitmalviya) May 17, 2025
തുടര്‍ന്ന് ബിജെപി ഐടി സെല്‍ വിഷയം ഏറ്റെടുത്തു. ബിജെപി ഐടി സെല്‍ ചീഫ് അമിത് മാളവ്യ റിപബ്ലിക് ചാനല്‍ വീഡിയോ ഷെയര്‍ ചെയ്തു. രാഹുല്‍ ഗാന്ധി എന്ത് കൊണ്ട് ഇങ്ങിനെയൊരു നീക്കം നടത്തി എന്നായിരുന്നു മാളവ്യയുടെ ചോദ്യം. 300 ഇന്ത്യക്കാര്‍ മാത്രം താമസിക്കുന്ന ഇസ്തംബൂളില്‍ കോണ്‍ഗ്രസ് എന്തിന് ഓഫിസ് തുറന്നു എന്നായിരുന്നു ഒരു സംഘപരിവാര അനുഭാവിയുടെ ചോദ്യം. ഉര്‍ദുഗാന്‍ കോണ്‍ഗ്രസിന്റെ പുതിയ ഖലീഫയാണെന്നും സംഘപരിവാര ഐഡികള്‍ ആക്ഷേപിച്ചു.
എന്നാല്‍, കോണ്‍ഗ്രസ് ഓഫീസെന്ന് പറഞ്ഞ് റിപബ്ലിക് ടിവി സംപ്രേക്ഷണം ചെയ്ത ചിത്രം ഇസ്തംബൂള്‍ കോണ്‍ഗ്രസ് സെന്റര്‍ എന്നപേരിലുള്ള ഒരു കണ്‍വന്‍ഷന്‍ സെന്ററിന്റേതാണ്. സിസ്ലി ജില്ലയിലെ ഹര്‍ബിയയിലുള്ള ഈ കെട്ടിടം ഇസ്തംബൂള്‍ മെട്രോപൊളിറ്റന്‍ മുനിസിപ്പാലിറ്റിയുടെ ഉടമസ്ഥതയിലുള്ളതാണ്. 2009 ഒക്ടോബര്‍ 17ന് ആണ് കെട്ടിടം നിര്‍മിച്ചത്.
അതേസമയം, 2019 നവംബറില്‍ ഇസ്തംബൂളില്‍ ഓഫീസ് തുറക്കാന്‍ പദ്ധതിയുള്ളതായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പിന്നീട് അതേക്കുറിച്ച് വാര്‍ത്തകളൊന്നും വന്നില്ല.
മിക്ക വിദേശരാജ്യങ്ങളിലും ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രവാസി സംഘടനകളുണ്ട്. തുര്‍ക്കി ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ബിജെപിക്കുമുണ്ട് പ്രവാസി സംഘടന. 2018 ആഗസ്തില്‍ ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപിയുടെ ഗ്ലോബല്‍ കണ്‍വീനര്‍ വിജയ് ജോളി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനെ നേരില്‍ കണ്ട് ഷാള്‍ അണിയിച്ചിരുന്നു.





