15
May 2025
Wed
15 May 2025 Wed
palakkad srinivasan murder case pfi

പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസില്‍ ആറു പേര്‍ക്ക് സുപ്രിം കോടതി ജാമ്യം അനുവദിച്ചു. (Palakkad Sreenivasan murder case: Supreme Court grants bail to six more Popular Front activists)  വിചാരണാ നടപടികള്‍ ആരംഭിക്കുന്നതിലെ അനിശ്ചിത കാലതാമസം കണക്കിലെടുത്താണ് സുപ്രിംകോടതിയുടെ നടപടി. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാക്കളായിരുന്ന അബ്ദുല്‍ സത്താര്‍, സിഎ റഊഫ്, യഹ്യ കോയ തങ്ങള്‍ എന്നിവര്‍ക്കാണ് ഇന്ന് ജാമ്യം ലഭിച്ചത്. മൂന്ന് പേര്‍ക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആറുപേരാണ് ജാമ്യം തേടി കോടതിയെ സമീപിച്ചത്. ഇതില്‍ മൂന്നു പേര്‍ക്ക് കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു. ജസ്റ്റിസ് അഭയ് എസ് ഒക, ജസ്റ്റിസ് ഉജ്ജല്‍ ഭുയാന്‍ എന്നിവര്‍ അംഗമായ ബെഞ്ചാണ് ഹരജികള്‍ പരിഗണിച്ചത്. ഹരജിക്കാര്‍ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ ആദിത്യ സോണ്‍ധി, രാഗേന്ദ് ബസന്ത് എന്നിവരും എന്‍ഐഎയ്ക്കു വേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍(എഎസ്ജി) രാജാ താക്കറേയും ഹാജരായി.

കഴിഞ്ഞ ദിവസം മൂന്നു ഹരജിക്കാരില്‍ സദ്ദാം ഹുസയന്‍, അഷ്റഫ് മൗലവി എന്നിവര്‍ക്ക് ജാമ്യം നല്‍കുന്നതിനെ എഎസ്ജി ശക്തമായി എതിര്‍ത്തിരുന്നു. 2024 മെയ് ആറിനു ശേഷം കേസിലെ വിചാരണയില്‍ പുരോഗതിയില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. സുപ്രിംകോടതിയാണ് അന്ന് വിചാരണ സ്റ്റേ ചെയ്തത്. ഹരജിക്കാരുടെ ആവശ്യം പരിഗണിച്ചായിരുന്നു കോടതി വിചാരണയ്ക്ക് സ്റ്റേ അനുവദിച്ചത്.

ശ്രീനിവാസന്‍ വധക്കേസ് മാത്രമല്ല വിഷയമെന്നും ഇന്ത്യ 2047 അജണ്ടയ്ക്കു വേണ്ടി തയ്യാറെടുത്തവരാണ് പ്രതികളെന്നും എന്‍ഐഎ കോടതിയില്‍ വാദിച്ചു. സദ്ദാം ഹുസൈനെതിരായ ആരോപണങ്ങളെന്തൊക്കെയാണെന്ന കോടതിയുടെ ചോദ്യത്തിന് പിഎഫ്ഐ പ്രവര്‍ത്തകര്‍ക്കു പരിശീലനം നല്‍കിയിരുന്ന പള്ളിയിലെ ഇമാം ആണ് സദ്ദാമെന്നും ഏപ്രില്‍ 16നും 17നും നടന്ന ഗൂഢാലോചനയില്‍ അദ്ദേഹം പങ്കെടുത്തുവെന്നും പറഞ്ഞ എഎസ്ജി മുഖ്യപ്രതിക്ക് സദ്ദാം അഭയം നല്‍കിയെന്നും ചൂണ്ടിക്കാട്ടി. പ്രതികളിലൊരാളുടെ മൊബൈല്‍ ഫോണ്‍ പള്ളിയില്‍ ഒളിപ്പിച്ചതും സദ്ദാം ഹുസൈന്‍ ആയിരുന്നുവെന്ന് എഎസ്ജി പറഞ്ഞു.

അഷ്റഫ് മൗലവി പിഎഫ്‌ഐയുടെ ദേശീയ ഇന്‍ ചാര്‍ജ് ആണെന്നും ഐഎസ് ആശയം അദ്ദേഹം പ്രചരിപ്പിച്ചുവെന്നും വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയെന്നും എന്‍ഐഎ ആരോപിച്ചു. എന്നാല്‍ എന്തൊക്കെ വിദ്വേഷ പ്രസംഗമാണ് അഷ്റഫ് മൗലവി നടത്തിയതെന്നും തങ്ങള്‍ക്കതു കാണണമെന്നും കോടതി ആവശ്യപ്പെട്ടു. ഇതിന് കൃത്യമായ മറുപടി നല്‍കാന്‍ സര്‍ക്കാര്‍ അഭിഭാഷകന് സാധിച്ചില്ല.

ഹരജിക്കാര്‍ക്കെതിരായ ആരോപണങ്ങളുടെ രീതി പരിഗണിച്ചും വിചാരണ അടുത്തകാലത്തൊന്നും തീരില്ലെന്നതു കണക്കിലെടുത്തും ഹരജിക്കാര്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിക്കുകയാണെന്നും കോടതി വ്യക്തമാക്കി. ഒരാഴ്ചയ്ക്കുള്ളില്‍ ഹരജിക്കാരെ പ്രത്യേക കോടതി മുമ്പാകെ ഹാജരാക്കണമെന്നും പ്രത്യേക കോടതി ഹരജിക്കാരുടെ ജാമ്യവ്യവസ്ഥകള്‍ അറിയിക്കുമെന്നും സുപ്രിംകോടതി കൂട്ടിച്ചേര്‍ത്തു.

പോപ്പുലര്‍ ഫ്രണ്ട് നേതാവായിരുന്ന സുബൈറിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് 2022 ഏപ്രില്‍ 16ന് ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനുള്ള കാരണങ്ങളില്‍ ശ്രീനിവാസന്‍ വധത്തെ ഒരു പ്രധാന കാരണമായി കേന്ദ്രആഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു. പിന്നാലെ കേസ് എന്‍.ഐ.എ ഏറ്റെടുത്തിരുന്നു. എലപ്പുള്ളി സ്വദേശിയും എസ്.ഡി.പി.ഐ ഭാരവാഹിയുമായിരുന്ന സുബൈര്‍ വധത്തിന്റെ പിറ്റേന്നാണ് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്.

നേരത്തേ കേസില്‍പ്പെട്ട 18 പേര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ സുപ്രിം കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി ഉത്തരവ് ശരിവയ്ക്കുകയായിരുന്നു.