20
May 2025
Sat
20 May 2025 Sat

നിലമ്പൂരില്‍ മല്‍സരിക്കില്ലെന്ന തീരുമാനം മാറ്റി പി വി അന്‍വര്‍. അന്‍വറിനെ മല്‍സരരംഗത്തിറക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനം. തിങ്കളാഴ്ച അന്‍വര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന ചീഫ് കോ ഓഡിനേറ്റര്‍ സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിങ്കളാഴ്ച പാര്‍ട്ടിയുടെ എല്ലാ നേതാക്കന്മാരോടും നിലമ്പൂരില്‍ എത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇടതുബന്ധം ഉപേക്ഷിക്കുകയും എംഎല്‍എ സ്ഥാനം രാജിവയ്ക്കുകയും ചെയ്ത പി വി അന്‍വര്‍ യുഡിഎഫിന്റെ സഖ്യകക്ഷിയാവാന്‍ നടത്തിയ നീക്കം പൊളിഞ്ഞിരുന്നു. ആദ്യം ഡിഎംകെ സഖ്യകക്ഷിയാവാന്‍ ശ്രമിച്ച അന്‍വര്‍ പിന്നീട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.

തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫിന്റെ സഖ്യകക്ഷിയാക്കാനുള്ള അന്‍വറിന്റെ നീക്കത്തെ യുഡിഎഫിലെ ചില നേതാക്കള്‍ തടയുകയായിരുന്നു.ഡിസിസി പ്രസിഡന്റ് ജോയിയെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് പി വി അന്‍വര്‍ ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയാക്കുന്നതിന് തടയിടാന്‍ ശ്രമിച്ചതും വി ഡി സതീശന്‍ അടക്കമുള്ള യുഡിഎഫ് നേതൃത്വം അവഗണിക്കുകയുണ്ടായി.

ജനങ്ങളെ കണ്ടാണ് താന്‍ ഇടതുബന്ധം ഉപേക്ഷിച്ച് ഇറങ്ങിവന്നതെന്നും എന്നാല്‍ യുഡിഎഫ് തന്നെ തെരുവില്‍ കളഞ്ഞുവെന്നും വാര്‍ത്താസമ്മേളനത്തില്‍ പി വി അന്‍വര്‍ പറഞ്ഞിരുന്നു. മല്‍സരിക്കാന്‍ കോടികള്‍ വേണമെന്നും തന്റെ കൈയില്‍ പണമില്ലാത്തതുകൊണ്ട് നിലമ്പൂരില്‍ മല്‍സരിക്കാനില്ലെന്നും അന്‍വര്‍ പറയുകയുണ്ടായി. പിണറായിസത്തിനെതിരായ പോരാട്ടം തുടരുമെന്നും വി ഡി സതീശന്‍ നേതാവായിരിക്കുന്നതിടത്തോളം യുഡിഎഫിലേക്കില്ലെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ ഇതിനു പിന്നാലെയാണ് അന്‍വര്‍ നിലമ്പൂരില്‍ മല്‍സരിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കിയത്.

ALSO READ: നിലമ്പൂരില്‍ മല്‍സരിക്കില്ലെന്ന് പി വി അന്‍വര്‍