15
Jun 2025
Thu
15 Jun 2025 Thu
Zohran Kwame Mamdani

ന്യൂയോര്‍ക്ക് ഡമോക്രാറ്റിക് പ്രൈമറിയില്‍ വന്‍ വിജയം നേടി സൊഹ്‌റാന്‍ വാമി മംദാനി. ഇതോടെ നഗരത്തിലെ ആദ്യ മുസ്ലിം മേയറാവാനൊരുങ്ങുകയാണ് 33കാരനായ മംദാനി. (Mamdani Set to be New York’s Next Mayor)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘ഈ രാത്രിയില്‍ നമ്മള്‍ ചരിത്രം രചിച്ചു’, മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രു ക്വോമോ പരാജയം സമ്മതിച്ചതിന് പിന്നാലെ മംദാനി അണികളോടായി പറഞ്ഞു.

പ്രിലിമനറിയിലെ ആദ്യ റൗണ്ട് ഫലത്തില്‍ മംദാനിക്ക് 43.5 ശതമാനം വോട്ട് ലഭിച്ചു. ക്വോമോയ്ക്ക് 36.4 ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

ഇന്ത്യന്‍-ഉഗാണ്ടന്‍ വംശജനായ മംദാനി നവംബറില്‍ നടക്കുന്ന മേയര്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ അമേരിക്കയിലെ ഏറ്റവും വലിയ നഗരത്തിന്റെ ഏറ്റവും പ്രായംകുറഞ്ഞ മേയര്‍മാരില്‍ ഒരാളുമായി മാറും.

സാധാരണക്കാര്‍ക്കും പ്രാപ്യമായ വീടുകള്‍, സൗജന്യ പൊതു ഗതാഗതം, സാമൂഹിക സുരക്ഷ, സൗജന്യ ശിശുസംരക്ഷണം തുടങ്ങിയവയായിരുന്നു ഡമോക്രാറ്റിക് സോഷ്യലിസ്റ്റായ മംദാനിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍.

ഗസാ വംശഹത്യക്കെതിരായ ശബ്ദം

ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യയ്‌ക്കെതിരേ അമേരിക്കയില്‍ ഏറ്റവും ഉച്ചത്തില്‍ സംസാരിക്കുന്ന രാഷ്ട്രീയക്കാരനാണ് മംദാനി. ‘ഞാന്‍ വസ്തുതകളുടെ അടിസ്ഥാനത്തില്‍ വ്യക്തമായി പറയുന്നു, ഇസ്രായേല്‍ നടത്തുന്നത് വംശഹത്യയാണ്’- 2024 ഒക്ടോബര്‍ 31ന് അദ്ദേഹം എക്‌സില്‍ പോസ്റ്റ് ചെയ്തു.

ഗസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് 2023 നവംബറില്‍ വൈറ്റ്ഹൗസിന് പുറത്ത് നടന്ന അഞ്ച് ദിവസത്തെ നിരാഹാര സമരത്തില്‍ മംദാനി പങ്കെടുത്തിരുന്നു. ഇസ്രായേലിനെതിരായ ബഹിഷ്‌കരണ പ്രസ്ഥാനത്തിലും വിദ്യാര്‍ഥി പ്രതിഷേധങ്ങളിലും അദ്ദേഹം സജീവമായിരുന്നു.

2024 ഡിസംബറില്‍ നല്‍കിയ അഭിമുഖത്തില്‍, ന്യൂയോര്‍ക്ക് മേയറായാല്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ നഗരത്തിലേക്ക് സ്വാഗതം ചെയ്യുമോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങിനെയായിരുന്നു:’ ഇല്ല, മേയര്‍ എന്ന നിലയില്‍ ന്യൂയോര്‍ക്ക് നഗരം നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും. അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വില കല്‍പ്പിക്കുന്ന ഒരു നഗരമാണിത്’.

ഉഗാണ്ടയില്‍ ജനിച്ച മംദാനിയുടെ മാതാവ് ഇന്ത്യന്‍ വംശജയും പ്രമുഖ സിനിമാ സംവിധായികയുമായ മീരാ നായര്‍ ആണ്. ഒഡിഷയില്‍ ജനിച്ച അവര്‍ മിസിസിപ്പി മസാല എന്ന ചിത്രത്തിന് വേണ്ടി ഉഗാണ്ടയില്‍ ഗവേഷണം നടത്തവേയാണ് ഇന്തോ-ഉഗാണ്ടന്‍ വംശജനായ മുഹ്‌മൂദ് മംദാനിയെ പരിചപ്പെടുന്നതും വിവാഹം കഴിക്കുന്നതും. 1991ല്‍ ഉഗാണ്ടയിലെ കംപാലയിലാണ് മംദാനി ജനിച്ചത്.

Mira Nair with Mamdani

മീരാ നായറും കടുത്ത ഇസ്രായേല്‍ വിമര്‍ശകയാണ്. 2013 ജൂലൈയില്‍ ഹൈഫ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിലേക്ക് വിശിഷ്ടാതിഥിയായി ക്ഷണിക്കപ്പെട്ട അവര്‍ ക്ഷണം നിരസിച്ചിരുന്നു. ഇസ്രായേലിന്റെ അധിനിവേശവും വംശവിവേചനവും ചൂണ്ടിക്കാട്ടിയായിരുന്നു അവര്‍ പോകാതിരുന്നത്. ”ഞാന്‍ ഇപ്പോള്‍ ഇസ്രായേലിലേക്ക് പോകുന്നില്ല, വിവേചന മതിലുകള്‍ തകര്‍ന്നു വീണാല്‍ ഞാന്‍ പോകും, അധിനിവേശം അവസാനിച്ചാല്‍ ഞാന്‍ പോകും’- അവര്‍ എക്‌സില്‍ കുറിച്ചു.